കൊച്ചി: കമ്പനി ഓഹരി വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടര്‍ എം വി നികേഷ്‌കുമാറിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു ഓഹരി ഉടമ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തിരം നല്കിയ പരാതിയില്‍ തൊടുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ ആണ് സ്റ്റേ ചെയ്തത്. ഓഹരി വാഗ്ദാനം ചെയ്ത് നികേഷ് കുമാറും ഭാര്യയും കോടികള്‍ പറ്റിച്ചുവെന്ന പരാതിയിലാണ് പോലിസ് കേസെടുത്തിരുന്നത്.
എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം വി നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ എം വി നികേഷ് കുമാറിനും ഭാര്യയും വാര്‍ത്താ അവതാരികയുമായ റാണി നികേഷ് കുമാറിനുമെതിരെ വഞ്ചനാകുറ്റത്തിന് തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയും റിപ്പോര്‍ട്ടര്‍ ചാനലിന്റെ വൈസ് ചെയര്‍മാനുമായ ലാലിയ ജോസഫിന്റെ പരാതിയെ തുടര്‍ന്നാണ് ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം തൊടുപുഴ ഡിവൈഎസ്പി ജോണ്‍ ജോസഫ് നടത്തിയ പ്രാഥമിക അന്വേഷത്തിന്റെ വെളിച്ചത്തില്‍ കേസ് എടുത്തത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ എഫ് ഐ ആറാണ് കോടതി സ്‌റ്റേ ചെയ്തത്.
ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി പരിഗണന പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള നികേഷ് കുമാറിന് ഏറെ ആശ്വാസം പകരുന്നതാണ് ഹൈക്കോടതി വിധി.
Discussion about this post