ആഗോള ടെക് ലോകത്തെ അതികായന്മാരായ സുന്ദർ പിച്ചൈയെയും സത്യ നദെല്ലയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും സമ്പന്നയായ ഇന്ത്യൻ വംശജയായ സിഇഒ ആയി ജയശ്രീ ഉള്ളാൾ. ഹുറൂൺ ഇന്ത്യ പുറത്തുവിട്ട 2025-ലെ സമ്പന്ന പട്ടികയിലാണ് അരിസ്റ്റ നെറ്റ്‌വർക്സിൻ്റെ അമരക്കാരിയായ ജയശ്രീ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ഭാരതീയ വനിതകളുടെ കരുത്ത് ആഗോള ബിസിനസ്സ് ഭൂപടത്തിൽ ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നതാണ് ജയശ്രീയുടെ ഈ കുതിപ്പ്.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എന്നിവർ ലോകപ്രശസ്തരാണെങ്കിലും സമ്പത്തിൻ്റെ കാര്യത്തിൽ ജയശ്രീ ഉള്ളാൾ ഇവരെക്കാൾ ഏറെ മുന്നിലാണ്. പട്ടിക പ്രകാരം ജയശ്രീയുടെ ആസ്തി ഏകദേശം 32,100 കോടി രൂപയാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജയായ വനിത ഇത്രയും വലിയൊരു സാമ്പത്തിക നേട്ടത്തോടെ പട്ടികയിൽ ഒന്നാമതെത്തുന്നത്. സത്യ നദെല്ല: 11,500 കോടി രൂപ സുന്ദർ പിച്ചൈ: 10,200 കോടി രൂപ എന്നിങ്ങനെയാണ് സമ്പാദ്യം.
ആരാണ് ജയശ്രീ ഉള്ളാൾ?
ലണ്ടനിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ജയശ്രീ, സാങ്കേതിക വിദ്യയോടുള്ള താൽപ്പര്യം മൂലം അമേരിക്കയിലേക്ക് കുടിയേറി. സാൻഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം സിസ്കോ പോലുള്ള വമ്പൻ കമ്പനികളിൽ നിർണ്ണായക പദവികൾ വഹിച്ചു. 2008-ലാണ് അവർ ക്ലൗഡ് നെറ്റ്വർക്കിംഗ് കമ്പനിയായ ‘അരിസ്റ്റ നെറ്റ്‌വർക്സിൻ്റെ’ സിഇഒ ആയി ചുമതലയേൽക്കുന്നത്. വെറുമൊരു സ്റ്റാർട്ടപ്പായിരുന്ന അരിസ്റ്റയെ ഇന്ന് മൾട്ടി ബില്യൺ ഡോളർ മൂല്യമുള്ള കമ്പനിയായി വളർത്തിയെടുത്തത് ജയശ്രീയുടെ ദീർഘവീക്ഷണമാണ്.
ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം പ്രൊഫഷണൽ മാനേജർമാരുടെ പട്ടികയിലാണ് ഇവർ ഒന്നാമതെത്തിയത്. സ്വന്തമായി ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാതെ, ഒരു സ്ഥാപനത്തിൻ്റെ തലപ്പത്തിരുന്ന് ഇത്രയധികം സമ്പാദ്യം നേടുക എന്നത് ലോക ബിസിനസ്സ് ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. ഫോർബ്സ് മാസിക നേരത്തെ തന്നെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ജയശ്രീയെ ഉൾപ്പെടുത്തിയിരുന്നു.











Discussion about this post