ന്യൂയോർക്ക് സിറ്റിയെ നയിക്കാൻ നിയുക്തനായ സൊഹ്‌റാൻ മംദാനിയുടെ പുതിയ നിയമനം വൻ വിവാദത്തിലേക്ക്. അൽ-ഖ്വയ്ദ ഭീകരർക്കും ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭകാരികൾക്കും വേണ്ടി കോടതിയിൽ വാദിച്ച റംസി കാസിമിനെ മേയറുടെ മുഖ്യ നിയമോപദേഷ്ടാവായി നിയമിച്ചതാണ് അമേരിക്കൻ രാഷ്ട്രീയത്തിൽ വൻ പ്രകമ്പനം സൃഷ്ടിക്കുന്നത്. ജനുവരി ഒന്നിന് സത്യപ്രതിജ്ഞ നടക്കാനിരിക്കെ, മംദാനിയുടെ ഈ നീക്കം ‘തീവ്ര ഇടതുപക്ഷ’ അജണ്ടയുടെ ഭാഗമാണെന്ന വിമർശനം ശക്തമായി.
ആരാണ് റംസി കാസിം?
സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ (CUNY) പ്രൊഫസറായ റംസി കാസിം, വിവാദപരമായ പല കേസുകളിലൂടെയും ശ്രദ്ധേയനാണ്.
2002-ൽ ഫ്രഞ്ച് ഓയിൽ ടാങ്കറായ എംവി ലിംബർഗ് ബോംബ് വെച്ച് തകർത്ത കേസിൽ കുറ്റസമ്മതം നടത്തിയ അൽ-ഖ്വയ്ദ ഭീകരൻ അഹമ്മദ് അൽ-ദർബിയുടെ പ്രധാന അഭിഭാഷവനായിരുന്നു കാസിം. ഉസാമ ബിൻ ലാദന്റെ അടുത്ത സഹായിയായിരുന്നു അൽ-ദർബി.
കൊളംബിയ യൂണിവേഴ്സിറ്റിയിലെ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ മഹ്മൂദ് ഖലീലിന് വേണ്ടി ഹാജരായതും കാസിമായിരുന്നു. ഇസ്രായേലിനെതിരെയുള്ള തീവ്ര നിലപാടുകൾ കാസിം മുൻപ് എഴുതിയ ലേഖനങ്ങളിൽ വ്യക്തമാണെന്ന് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
“നിയമവ്യവസ്ഥ കൈവിട്ടവർക്ക് വേണ്ടി പോരാടുന്ന ശക്തനായ ഒരു അഭിഭാഷകനാണ് കാസിം. സിറ്റി ഹാളിനെ കൂടുതൽ കരുത്തുറ്റതാക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കും,” എന്നായിരുന്നു നിയുക്ത മേയർ മംദാനിയുടെ പ്രതികരണം. ഇന്ത്യൻ വംശജനായ മംദാനി, സ്വയം ഒരു ‘ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്’ ആയാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, ഭീകരവാദികളോടും വിഘടനവാദികളോടും മൃദുസമീപനം സ്വീകരിക്കുന്ന വ്യക്തികളെ ഭരണത്തിന്റെ ഉന്നതശ്രേണിയിൽ പ്രതിഷ്ഠിക്കുന്നത് അപകടകരമാണെന്ന് റിപ്പബ്ലിക്കൻ പാർട്ടിയും ദേശീയ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.
കാസിമിന്റെ നിയമനത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് അമേരിക്കൻ കോൺഗ്രസ് അംഗം എലിസ് സ്റ്റെഫാനിക് നടത്തിയത്. ഭീകരവാദത്തെ അനുകൂലിക്കുന്ന നിലപാടുള്ള കാസിമിനെ പദവിയിൽ നിന്ന് നീക്കണമെന്നും സർവകലാശാലയിൽ നിന്ന് പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു.













Discussion about this post