ജയ്പൂർ : രാജസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം തകർത്ത് ബിഎസ്എഫ്. ഒരു പാകിസ്താൻ സ്വദേശിയെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ജയ്സാൽമീർ ജില്ലയിലെ നാച്‌ന, നോക് സെക്ടറുകൾക്ക് സമീപം ഇന്ത്യൻ അതിർത്തിയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പാകിസ്താൻ പൗരനായ ഇസ്രത്തിനെ (35) ആണ് ബിഎസ്‌എഫ് പിടികൂടിയത്.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സർഗോധ ജില്ലയിൽ താമസിക്കുന്ന റാണ മുഹമ്മദ് അസ്ലമിന്റെ മകൻ ഇസ്രത്ത് ആണ് അറസ്റ്റിൽ ആയിട്ടുള്ളതെന്ന് ബിഎസ്എഫ് സ്ഥിരീകരിച്ചു. നച്ചാന സെക്ടറിൽ പതിവ് പട്രോളിങ്ങിനിടെ ആണ് ബിഎസ്എഫ് നുഴഞ്ഞുകയറ്റശ്രമം കണ്ടെത്തിയത്. അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഉടൻതന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പിടികൂടിയ പ്രതിയെ ഉടൻതന്നെ അടുത്തുള്ള ബോർഡർ ഔട്ട്‌പോസ്റ്റിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ ഇസ്രത്തിൽ നിന്ന് ആയുധങ്ങളോ രേഖകളോ സംശയാസ്പദമായ വസ്തുക്കളോ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ബിഎസ്എഫ് അറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി ആവർത്തിച്ച് മൊഴി മാറ്റി. ഇസ്രത്തിന്റെ മാനസികനില വിലയിരുത്തുന്നതിനായി വൈദ്യപരിശോധന നടത്തുമെന്ന് ബിഎസ്എഫ് അറിയിച്ചു.












Discussion about this post