ഇറാനിൽ ഭരണകൂടത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ, അവിടുത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ സന്ദേശം നൽകിയത്.
“ഇറാൻ മുമ്പൊരിക്കലുമില്ലാത്തവിധം സ്വാതന്ത്ര്യത്തിനായി ഉറ്റുനോക്കുകയാണ്. അവരെ സഹായിക്കാൻ അമേരിക്ക തയ്യാറാണ്” ട്രംപ് കുറിച്ചു. ട്രംപ് ഭരണകൂടം ഇറാനെതിരെ വ്യോമാക്രമണത്തിന് പദ്ധതിയിടുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ആക്രമണം നടത്താനാണ് ആലോചന.
അതേസമയം, ആക്രമണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ അമേരിക്കൻ സൈനികരെയോ യുദ്ധവിമാനങ്ങളെയോ നീക്കിയിട്ടില്ല. ഇത്തരം പ്ലാനുകൾ പതിവ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമാണെന്നും അവർ പറയുന്നു. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ഇറാൻ ഭരണകൂടം വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. “നിങ്ങൾ വെടിവെക്കാൻ തുടങ്ങിയാൽ ഞങ്ങളും വെടിവെക്കും” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ ട്രംപ് അടുത്ത ലക്ഷ്യമായി ഇറാനെ കാണുന്നുവെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകരുകയും ജനങ്ങൾ തെരുവിലിറങ്ങുകയും ചെയ്ത ഈ അവസരം ഭരണമാറ്റത്തിനായി ഉപയോഗിക്കാനാണ് ട്രംപിന്റെ നീക്കം. എന്നാൽ ഇത് മറ്റൊരു വലിയ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും ശക്തമാണ്.









Discussion about this post