സാമ്പത്തിക തകർച്ചയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഇറാനിലെ തെരുവുകളിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ രാജ്യത്തെ ചോരക്കളമാക്കുന്നു. രണ്ടാഴ്ചയായി തുടരുന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നതായി റിപ്പോർട്ട്. എന്നാൽ ഈ കൂട്ടക്കുരുതിക്ക് പിന്നിൽ പ്രക്ഷോഭകർക്കിടയിൽ നുഴഞ്ഞുകയറിയ ‘ഭീകരർ’ ആണെന്നാണ് അധികൃതരുടെ വാദം സംഘർഷം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു മരണസംഖ്യ ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നത്. കൊല്ലപ്പെട്ടവരിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ടെന്ന് ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയാണിത്. പ്രക്ഷോഭകർക്ക് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് ഖമേനി ഭരണകൂടം ആരോപിക്കുന്നു. ജനങ്ങളുടെ സാമ്പത്തിക പരാതികൾ ന്യായമാണെന്ന് ഒരുകൈ കൊണ്ട് സമ്മതിക്കുമ്പോഴും, മറുവശത്ത് വെടിയുണ്ടകൾ കൊണ്ട് പ്രക്ഷോഭത്തെ നേരിടുകയാണ് സർക്കാർ.
രാജ്യത്തുടനീളം ഇന്റർനെറ്റ് വിച്ഛേദിച്ചും വാർത്താവിനിമയ ഉപാധികൾ തടഞ്ഞും വിവരങ്ങൾ പുറംലോകമറിയുന്നത് ഭരണകൂടം തടയുന്നുണ്ട്. എങ്കിലും ടെഹ്‌റാനിലെയും മറ്റു നഗരങ്ങളിലെയും തെരുവുകളിൽ വാഹനങ്ങൾ കത്തിക്കുന്നതിന്റെയും വെടിയൊച്ചകളുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവരുന്നുണ്ട്. ആയിരക്കണക്കിന് ആളുകളെ ഇതിനകം അറസ്റ്റ് ചെയ്തതായും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഭരണകൂടത്തിന്റെ ഈ ക്രൂരതയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയരുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.













Discussion about this post