കണ്ണൂര്‍: കോടതി വരാന്തയിലോ, ജയിലിലോ പാര്‍ട്ടി നേതൃയോഗം ചേരേണ്ട അവസ്ഥ എന്നെല്ലാം സാധാരണ സിപിഎമ്മിനെ കുറിച്ച് എതിരാളികള്‍ പറയാറുള്ളത്. എന്നാല്‍ ഇന്നലെ പയ്യന്നൂര്‍ ജുഡീഷ്യല്‍ കോടതി സാക്ഷ്യം വഹിച്ചത് സമാനമായ അവസ്ഥയാണ്. സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ നിര്‍ണായകഘട്ടത്തിലെത്തിനില്‍ക്കേ കോടതിയില്‍ ഹാജരാകേണ്ടിവന്ന സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോടതിവരാന്തയും പാര്‍ട്ടിയോഗത്തിനു വേദിയാക്കിയതാണ് പുതുമയായത്.
2015 ജനുവരി 15നു പയ്യന്നൂരില്‍ സി.പി.എം. ജില്ലാസമ്മേളനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ പ്രകടനം നടത്തിയ കേസില്‍ ജാമ്യമെടുക്കാനാണു പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോടതിയില്‍ ഹാജരായത്. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ രാവിലെ പതിനൊന്നോടെ പിണറായി എത്തിയെങ്കിലും 12.30നുശേഷമാണു കേസ് വിളിച്ചത്. ഈ ഒന്നൊര മണിക്കൂറാണ് പാര്‍ട്ടി നേതാക്കള്‍ വരാന്തയില്‍ യോഗം ചേര്‍ന്നത്.
പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ ഇ.പി. ജയരാജന്‍, സി. കൃഷ്ണന്‍ .കെ.കെ. ശൈലജ, വി. നാരായണന്‍, എം. പ്രകാശന്‍, എം.വി. ഗോവിന്ദന്‍, എം.വി. ജയരാജന്‍ തുടങ്ങിയവരും ഹാജരായിരുന്നു. എല്ലാവര്‍ക്കും ജാമ്യം കിട്ടി. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി.കെ. ശ്രീമതി എം.പിയും ഹാജരായില്ല. സ്ഥാനാര്‍ഥികളുടെ കാര്യത്തിലുള്ള ചര്‍ച്ചയാണു പ്രധാനമായും പിണറായിയുടെ സാന്നിധ്യത്തില്‍ കോടതിവരാന്തയില്‍ നടന്നത്.
Discussion about this post