ഭാരതീയ സംസ്കാരത്തിന്റെ മഹത്വം ലോകമെമ്പാടും ചർച്ചയാകുമ്പോൾ, ഇതാ മറ്റൊരു വിദേശി കൂടി ഇന്ത്യയുടെ ആരാധകയായി മാറിയിരിക്കുന്നു. ഫ്രാൻസിൽ നിന്ന് ജോലിക്കായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് യുവതി, ഫ്രാൻസിനേക്കാൾ ഇന്ത്യ മികച്ചു നിൽക്കുന്ന അഞ്ച് കാര്യങ്ങളെക്കുറിച്ച് പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.’ഫ്രെൽഡവേ’ എന്ന പേരിൽ അറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്ററാണ് നമ്മുടെ നാടിന്റെ ലാളിത്യത്തെയും പ്രൗഢിയെയും വാഴ്ത്തി രംഗത്തെത്തിയത്. തന്റെ മാതൃരാജ്യമായ ഫ്രാൻസിനേക്കാൾ ഇന്ത്യ എങ്ങനെയൊക്കെയാണ് തന്നെ ആകർഷിക്കുന്നത് എന്ന് ഓരോന്നായി അവർ അക്കമിട്ടു നിരത്തുന്നു.
1. തെരുവ് ഭക്ഷണത്തിന്റെ വൈവിധ്യം
ഇന്ത്യയിലെ ‘സ്ട്രീറ്റ് ഫുഡ്’ സംസ്കാരമാണ് ഫ്രഞ്ച് സുന്ദരിയെ ആദ്യം ഞെട്ടിച്ചത്. കുറഞ്ഞ ചിലവിൽ എവിടെപ്പോയാലും ലഭിക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം ഫ്രാൻസിൽ സ്വപ്നം കാണാൻ പോലും കഴിയില്ലെന്ന് അവർ പറയുന്നു. ഭക്ഷണത്തിനൊപ്പം കച്ചവടക്കാരുമായി നടത്തുന്ന സൗഹൃദ സംഭാഷണങ്ങളും അവിടത്തെ പ്രാദേശിക പത്രവായനയും ഇന്ത്യയിൽ മാത്രം കാണുന്ന പ്രത്യേകതയാണെന്ന് യുവതി ചൂണ്ടിക്കാട്ടി.
2. ആഭരണങ്ങളിലെ രാജകീയത
ഇന്ത്യൻ ആഭരണങ്ങളുടെ ‘മാക്സിമലിസ്റ്റ്’ ശൈലിയുടെ കടുത്ത ആരാധികയാണ് താനെന്ന് അവർ വെളിപ്പെടുത്തി. “നമുക്ക് ജിമിക്കികളും വളകളും മോതിരങ്ങളും മാലകളും നാളെയെന്ന ഒന്നില്ലാത്തതുപോലെ അണിയാം” എന്നാണ് അവർ കുറിച്ചത്. വർണ്ണാഭമായ ഇന്ത്യൻ ആഭരണങ്ങൾക്കുമുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാണെന്നും അവർ സമ്മതിക്കുന്നു.
3. രാത്രി യാത്രകളിലെ സുഖസൗകര്യം
ഫ്രാൻസിലെ ഫ്ലിക്സ് ബസുകളേക്കാൾ (FlixBus) സൗകര്യപ്രദമാണ് ഇന്ത്യയിലെ എസി സ്ലീപ്പർ ബസുകളും ട്രെയിനുകളുമെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. വിമാനയാത്ര ഒഴിവാക്കി ഇന്ത്യയുടെ പ്രകൃതിഭംഗി ആസ്വദിച്ച് സുഖമായി കിടന്നു യാത്ര ചെയ്യാവുന്ന ഈ സംവിധാനം വിദേശികൾക്ക് അത്ഭുതമാണ്.
4. മുടി സംരക്ഷണത്തിലെ പാരമ്പര്യം
ഇന്ത്യക്കാരുടെ കരുത്തുറ്റതും ഇടതൂർന്നതുമായ മുടിയെയും യുവതി പ്രശംസിച്ചു. പരമ്പരാഗതമായ എണ്ണ തേപ്പും കൃത്യമായ പരിചരണവും കാരണം ഇവിടെയുള്ള എല്ലാവർക്കും ഷാംപൂ പരസ്യങ്ങളിൽ അഭിനയിക്കാമെന്ന് അവർ തമാശയായി പറഞ്ഞു. തന്റെ മുടി ഇന്ത്യക്കാരുടെ മുടിക്ക് മുന്നിൽ ഒന്നുമല്ലെന്നാണ് ഇവരുടെ പക്ഷം.
5. ഹൃദയത്തിൽ തൊടുന്ന ആതിഥ്യമര്യാദ
ഇന്ത്യക്കാരുടെ സ്നേഹവും കരുതലും തന്നെ വല്ലാതെ സ്വാധീനിച്ചതായി അവർ പറഞ്ഞു. അപരിചിതരായ ആളുകൾ പോലും തന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നതും ഭക്ഷണം നൽകുന്നതും ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്. ഇന്ത്യക്കാർ വിദേശികളെ സ്വീകരിക്കുന്നതുപോലെ ഫ്രാൻസും വിദേശികളോട് കൂടുതൽ കരുണ കാണിച്ചിരുന്നെങ്കിൽ എന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചു.
“ഭാരതം കേവലമൊരു രാജ്യമല്ല, അതൊരു വികാരമാണ്. ആതിഥ്യമര്യാദയുടെ കാര്യത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ ലോകത്ത് മറ്റൊരു രാജ്യത്തിനുമാകില്ല.” – സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് ലഭിച്ച ഒരു കമന്റ്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ നിരവധി ഇന്ത്യക്കാർ നന്ദിയുമായി എത്തി. കേരളത്തിലെ ആതിഥ്യമര്യാദ കൂടി അനുഭവിക്കണമെന്നാണ് മലയാളികളായ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ യുവതിയോട് നിർദ്ദേശിക്കുന്നത്.










Discussion about this post