ഇന്ത്യയിലെ ദേശീയ പാതകളിലൂടെയുള്ള യാത്ര ഇനി കൂടുതൽ വേഗത്തിലാകും. ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി ഏപ്രിൽ 1 മുതൽ പൂർണ്ണമായും നിർത്തലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇനി മുതൽ ഫാസ്‌ടാഗ് (FASTag) അല്ലെങ്കിൽ യുപിഐ വഴി മാത്രമേ ടോൾ നൽകാൻ സാധിക്കൂ. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായാണ് ഈ നിർണ്ണായക നീക്കം.
ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെങ്കിലും, ഏപ്രിൽ ഒന്നിന് തന്നെ പുതിയ പരിഷ്‌കാരം നടപ്പിലാക്കാനുള്ള തീവ്രമായ തയ്യാറെടുപ്പിലാണ് ദേശീയപാത അതോറിറ്റി ടോൾ പ്ലാസകളിൽ പണം നൽകാനായി വാഹനങ്ങൾ ദീർഘനേരം കാത്തുനിൽക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.ഡിജിറ്റൽ പേയ്‌മെന്റുകൾ വഴി സെക്കൻഡുകൾക്കുള്ളിൽ ടോൾ കൈമാറാൻ സാധിക്കും. ബാക്കി പണത്തിനായി കാത്തുനിൽക്കേണ്ടി വരില്ല.ടോൾ പ്ലാസകളിൽ വാഹനം നിർത്തുന്നതും വീണ്ടും സ്റ്റാർട്ട് ചെയ്യുന്നതും കുറയുന്നതോടെ ഇന്ധന ഉപഭോഗം കുറയ്ക്കാം.എല്ലാ ഇടപാടുകളും ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനാൽ ടോൾ പിരിവിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കാം.
വരുന്നത് ‘ബാരിയർ-ഫ്രീ’ ടോളിംഗ്
ഭാവിയിൽ ടോൾ പ്ലാസകളിൽ ബാരിയറുകൾ പൂർണ്ണമായും ഒഴിവാക്കാനുള്ള ‘മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ’ (Multi-Lane Free Flow) സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. ഹൈവേകളിലെ സാധാരണ വേഗതയിൽ തന്നെ വാഹനങ്ങൾക്ക് ടോൾ നൽകി കടന്നുപോകാൻ ഇതിലൂടെ സാധിക്കും. നിലവിൽ രാജ്യത്തെ 25 ടോൾ പ്ലാസകളിൽ ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം നടന്നു വരികയാണ്.
പുതിയ നിയമങ്ങൾ ഇങ്ങനെ:
ഫാസ്‌ടാഗ് നിർബന്ധം: ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ പ്ലാസകളിൽ പ്രവേശനം നിഷേധിക്കുകയോ അല്ലെങ്കിൽ വലിയ തുക പിഴയായി നൽകേണ്ടി വരികയോ ചെയ്യും.
യുപിഐ സൗകര്യം: ഫാസ്‌ടാഗ് സ്കാൻ ചെയ്യാത്ത പക്ഷം യുപിഐ വഴി 1.25 മടങ്ങ് തുക നൽകി യാത്ര തുടരാം. എന്നാൽ പണമായി നൽകിയാൽ ഇരട്ടി തുക (2x) നൽകേണ്ടി വരും.
വാർഷിക പാസ്: സ്വകാര്യ വാഹനങ്ങൾക്കായി 3000 രൂപയ്ക്ക് 200 യാത്രകൾ വരെ ചെയ്യാവുന്ന വാർഷിക പാസ്സും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.











Discussion about this post