ന്യൂഡൽഹി: ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ ചരിത്രപരമായ ഒരു സവിശേഷതയാൽ ഈ വർഷം ശ്രദ്ധേയമാവുകയാണ്. ദേശീയ ഗീതമായ ‘വന്ദേമാതരം’ രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികം പ്രമാണിച്ചുള്ള പ്രമേയമാണ് 2026-ലെ പരേഡിന് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ദേശീയതയുടെയും സ്വയംപര്യാപ്തതയുടെയും പുതിയ ഗാഥകൾ രചിക്കുന്ന ഈ ആഘോഷം കേവലം ഒരു പരേഡ് എന്നതിലുപരി രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും സൈനിക കരുത്തും ഒത്തുചേരുന്ന ഉജ്ജ്വല മുഹൂർത്തമായി മാറും.
ബങ്കിം ചന്ദ്ര ചതോപാധ്യായ 1875-ൽ രചിച്ച വന്ദേമാതര ഗാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചാലകശക്തിയായിരുന്നു. വിപ്ലവകാരികൾക്കും സാധാരണക്കാർക്കും ഒരുപോലെ ആവേശം പകർന്ന ഈ ഗാനത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുമ്പോൾ, അത് രാജ്യത്തിന്റെ ഐക്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും സ്മരണ പുതുക്കലാണ്.
പരേഡിന്റെ ഭാഗമായി കർത്തവ്യ പഥിലെ ദൃശ്യഫലകങ്ങളിൽ വന്ദേമാതരത്തിലെ വരികളെ ആസ്പദമാക്കി 1923-ൽ തേജേന്ദ്ര കുമാർ മിത്ര വരച്ച അപൂർവ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കും.പരേഡിൽ അണിനിരക്കുന്ന 30 നിശ്ചലദൃശ്യങ്ങൾ പ്രധാനമായും ‘സ്വാതന്ത്ര്യത്തിന്റെ മന്ത്രം – വന്ദേമാതരം’, ‘സമൃദ്ധിയുടെ മന്ത്രം – ആത്മനിർഭർ ഭാരത്’ എന്നീ രണ്ട് ഉപ-പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയം അവതരിപ്പിക്കുന്ന നിശ്ചലദൃശ്യത്തിൽ വന്ദേമാതരത്തിന്റെ യഥാർത്ഥ കൈയെഴുത്തുപ്രതിയുടെ മാതൃക പ്രദർശിപ്പിക്കും. ഇതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോക്ക് ആർട്ടിസ്റ്റുകളുടെ പ്രകടനവും ഉണ്ടാകും.
ഈ വർഷത്തെ സൈനിക പരേഡിലും സവിശേഷമായ പല മാറ്റങ്ങളുമുണ്ട്. ഇന്ത്യയുടെ സൈനിക കരുത്തിന്റെ പ്രദർശനം ‘ബാറ്റിൽ അറേ’ എന്ന പുത്തൻ ശൈലിയിലായിരിക്കും. യുദ്ധക്കളത്തിലെ സജ്ജീകരണങ്ങൾക്ക് സമാനമായ രീതിയിൽ സൈനിക വ്യൂഹങ്ങൾ കർത്തവ്യ പഥിലൂടെ നീങ്ങും. പുതുതായി രൂപീകരിച്ച ‘ഭൈരവ് ലൈറ്റ് കമാൻഡോ ബറ്റാലിയൻ’ ആദ്യമായി പരേഡിൽ പങ്കെടുക്കും.
ബ്രഹ്മോസ്, ആകാശ് മിസൈൽ സിസ്റ്റങ്ങൾ, അത്യാധുനിക ആയുധമായ ‘സൂര്യാസ്ത്ര’ എന്നിവ പരേഡിന് കരുത്തേകും.
രാഫേൽ, സുഖോയ്-30 തുടങ്ങിയ വിമാനങ്ങൾക്കൊപ്പം ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെ അനുസ്മരിപ്പിക്കുന്ന വ്യോമപ്രകടനങ്ങളും അരങ്ങേറും.
യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ രണ്ട് വിദേശ അതിഥികളാണ് റിപ്പബ്ലിക് ദിനത്തിൽ എത്തുന്നത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും പരേഡിൽ മുഖ്യാതിഥികളാകും.
ഭൂതകാലത്തിന്റെ മഹത്തായ പൈതൃകവും ഭാവിയുടെ വികസിത ഭാരതമെന്ന സ്വപ്നവും തമ്മിലുള്ള പാലമായി 2026-ലെ റിപ്പബ്ലിക് ദിനാഘോഷം മാറുകയാണ്. വന്ദേമാതരത്തിന്റെ ഈരടികൾ അന്തരീക്ഷത്തിൽ മുഴങ്ങുമ്പോൾ, ഓരോ ഭാരതീയനും തന്റെ രാജ്യത്തിന്റെ പരമാധികാരത്തിലും പൈതൃകത്തിലും അഭിമാനം കൊള്ളുന്ന നിമിഷമായിരിക്കും ഇത്.













Discussion about this post