തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണിന് പിന്തുണയുമായി ഭാര്യ ചാരുലത രമേഷ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സഞ്ജുവിന്റെ ഫോമിനെച്ചൊല്ലി വലിയ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ചാരുലതയുടെ ഈ വൈകാരികമായ പ്രതികരണം.
” എല്ലാം കഴിഞ്ഞുപോകുകയും ഉത്തരങ്ങൾ ഇല്ലാതാകുകയും ചെയ്യുമ്പോൾ… തലകുനിച്ച് ജീവിതത്തെ അതിന്റെ വഴിക്ക് വിടുക! കാരണം ചില സമയങ്ങൾ അംഗീകരിക്കപ്പെടേണ്ടവയാണ്, വിശദീകരിക്കപ്പെടേണ്ടവയല്ല”. അവർ കുറിച്ചു.
തൊട്ടടുത്ത സ്റ്റോറിയിൽ സഞ്ജുവിനൊപ്പമുള്ള ഒരു ചിത്രവും ചാരുലത പങ്കുവെച്ചിട്ടുണ്ട്. സഞ്ജുവിന്റെ കരിയറിലെ ഈ പ്രയാസകരമായ ഘട്ടത്തിൽ അദ്ദേഹത്തിന് കരുത്തായി നിൽക്കുകയാണ് കുടുംബമെന്ന് ഈ പോസ്റ്റ് സൂചിപ്പിക്കുന്നു. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിലും 6 റൺസിന് പുറത്തായതോടെ സഞ്ജുവിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.
പരമ്പരയിലുടനീളം പതറിയ സഞ്ജുവിന് അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് വെറും 46 റൺസ് മാത്രമാണ് നേടാനായത്. ഫെബ്രുവരി 7-ന് ലോകകപ്പ് തുടങ്ങാനിരിക്കെ, സഞ്ജുവിന്റെ ഈ ഫോമില്ലായ്മ സെലക്ടർമാരെയും ആശങ്കയിലാക്കുന്നുണ്ട്.
സഞ്ജു സാംസണിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവാകേണ്ടിയിരുന്ന പരമ്പരയായിരുന്നു ഇത്. എന്നാൽ ഇഷാൻ കിഷൻ സെഞ്ച്വറിയുമായി തിളങ്ങുകയും തിലക് വർമ്മ തിരിച്ചെത്തുകയും ചെയ്യുന്നതോടെ സഞ്ജുവിന് പ്ലെയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കുക പ്രയാസകരമാകും. ഈ സാഹചര്യത്തിൽ ചാരുലതയുടെ പോസ്റ്റ് സഞ്ജുവിന് വലിയൊരു മാനസിക പിന്തുണയാകുമെന്നതിൽ തർക്കമില്ല.














Discussion about this post