ഭുവനേശ്വർ : ഒഡീഷയിലെ ജഖാപുര റെയിൽവേ സ്റ്റേഷന് സമീപം ചെന്നൈ സെൻട്രൽ എക്സ്പ്രസ് പാളം തെറ്റി. മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. ചെന്നൈ സെൻട്രൽ-ന്യൂ ജൽപൈഗുരു എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾ പാളത്തിൽ നിന്നും തെന്നി മാറുകയായിരുന്നു. ഭദ്രകിൽ നിന്നുള്ള റെയിൽവേയുടെ രക്ഷാപ്രവർത്തകർ ഉടൻ തന്നെ അപകടസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. അപകടത്തിൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
റെയിൽവേ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും റൂട്ടിൽ കൂടുതൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ ആരംഭിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പാളം തെറ്റലിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് റെയിൽവേ വ്യക്തമാക്കി.
അപകടത്തിന് തൊട്ടുപിന്നാലെ റെയിൽവേ ലൈനിന്റെ തകർന്ന ഭാഗത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. ട്രാക്കുകൾ വൃത്തിയാക്കുന്നതിനും പതിവ് ട്രെയിൻ സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കുന്നതിനും എഞ്ചിനീയറിംഗ് ടീമുകളെ വിന്യസിച്ചു.








