ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര് രൂക്ഷമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതമാതാവിനെ വിറ്റുവെന്നും അമേരിക്കയ്ക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങിയെന്നുമാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്. എന്നാൽ, രാഹുൽ ഗാന്ധിയെ ‘കോൺഗ്രസ് സാമ്രാജ്യത്തിലെ ഏറ്റവും വലിയ വിഡ്ഢി’ (Wisest fool in Congressdom) എന്ന് വിശേഷിപ്പിച്ചാണ് ബിജെപി ഇതിന് മറുപടി നൽകിയത്. സഭയുടെ അന്തസ്സ് രാഹുൽ തെരുവുനിലവാരത്തിലേക്ക് താഴ്ത്തിയെന്നും ബിജെപി കുറ്റപ്പെടുത്തി.
“നിങ്ങൾ ഭാരതത്തെ വിറ്റു, നമ്മുടെ അമ്മയായ ഭാരതമാതാവിനെ വിൽക്കാൻ നിങ്ങൾക്ക് നാണമില്ലേ?” എന്ന് രാഹുൽ ചോദിച്ചു. അമേരിക്കയിലെ ബിജെപിയുടെ സാമ്പത്തിക സ്രോതസ്സുകളെ സംരക്ഷിക്കാനാണ് ഈ ധൃതിപിടിച്ച കരാറെന്നും, ഇതിലൂടെ അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ ഭാരത വിപണിയിൽ ഒഴുകിയെത്തുമെന്നും ഇത് നമ്മുടെ കർഷകരെ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യ സഖ്യമാണ് അധികാരത്തിലെങ്കിൽ അമേരിക്കയുമായി തുല്യ പങ്കാളികളായി മാത്രമേ സംസാരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിന്റെ പ്രസംഗം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദി വാർത്താസമ്മേളനത്തിലൂടെ തിരിച്ചടിച്ചു. അസൂയ മൂത്ത് പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. “പാർലമെന്റ് ജനാധിപത്യത്തിന്റെ പരമോന്നത പ്രതീകമാണ്. എന്നാൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി സഭയുടെ അന്തസ്സിനെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടുപോയി. തെരുവുകളിൽ ഉപയോഗിക്കുന്ന ഭാഷയാണ് അദ്ദേഹം സഭയ്ക്കുള്ളിൽ ഉപയോഗിക്കുന്നത്,” ത്രിവേദി ആഞ്ഞടിച്ചു.
വ്യാപാര കരാറിനെക്കുറിച്ചുള്ള രാഹുലിന്റെ അറിവില്ലായ്മയാണ് ഈ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നും, ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഈ കരാറിനെ ‘കീഴടങ്ങൽ’ എന്ന് വിളിക്കുന്നത് രാജ്യവിരുദ്ധമാണെന്നും വിമർശനം ഉയരുന്നുണ്ട്.









