മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് മികവിനെ പ്രശംസിച്ചുകൊണ്ട് നടത്തിയ പരാമർശങ്ങൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമാകുന്നു. ‘സ്പോർട്സ് യാരി’ക്ക് (Sports Yaari) നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കോഹ്‌ലിയെ ഒരു ‘റൺ മെഷീൻ’ എന്ന് വാട്സൺ വിശേഷിപ്പിച്ചത്.
വിരാട് കോഹ്‌ലിയുടെ സ്ഥിരതയാർന്ന പ്രകടനത്തെയും റൺസ് അടിച്ചുകൂട്ടാനുള്ള കഴിവിനെയും വാട്സൺ വാനോളം പുകഴ്ത്തി. പ്രത്യേകിച്ച് ഏകദിന ക്രിക്കറ്റിൽ കോഹ്‌ലിക്ക് പകരം വെക്കാൻ മറ്റാരുമില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.
“അദ്ദേഹം ഒരു സമ്പൂർണ്ണ റൺ മെഷീനായി തുടരുകയാണ്. ഏകദിന ക്രിക്കറ്റിൽ അദ്ദേഹം ഈ കളിയുടെ മാസ്റ്റർ ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇത്രയധികം റൺസ് ഇത്രയധികം തവണ സ്കോർ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ്—അതൊരു പ്രത്യേകത തന്നെയാണ്,” വാട്സൺ പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ ഇന്നിംഗ്‌സുകൾ നിയന്ത്രിക്കാനുള്ള കോഹ്‌ലിയുടെ അസാമാന്യ ശേഷിയെ അദ്ദേഹം ‘അത്ഭുതം’ എന്നാണ് വിശേഷിപ്പിച്ചത്.
2026-ൽ വിരാട് കോഹ്‌ലി തന്റെ കരിയറിലെ സുപ്രധാനമായ ചില നാഴികക്കല്ലുകൾ പിന്നിടാൻ ഒരുങ്ങുകയാണ്. സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിനത്തിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിന് അരികിലാണ് അദ്ദേഹം. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം എന്ന കുമാർ സംഗക്കാരയുടെ റെക്കോർഡും കോഹ്‌ലി ഉടൻ മറികടക്കും.
നിലവിൽ നടക്കുന്ന ടി 20 ലോകകപ്പിൽ കോഹ്‌ലിയുടെ വിരമിക്കൽ ഇന്ത്യയെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വരും മത്സരങ്ങളിൽ നമുക്ക് അറിയാൻ സാധിക്കും.












