വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരാധകരോട് ആഹ്വാനം ചെയ്ത് പ്രമുഖ റാപ്പർ വേടൻ. കോഴിക്കോട് ബീച്ചിൽ കഴിഞ്ഞ ദിവസം നടന്ന സംഗീത പരിപാടിക്കിടെ വേടൻ നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത് ന്യൂനപക്ഷങ്ങൾ ശക്തമായി നിൽക്കുന്നതുകൊണ്ടാണെന്നും, ഇല്ലെങ്കിൽ ഭരണകൂടം നമ്മളെ എന്നേ ഇല്ലാതാക്കിയേനെ എന്നും വേടൻ തന്റെ പ്രസംഗത്തിൽ ആരോപിക്കുന്നു. കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ വേടന്റെ ഈ വാക്കുകൾ രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
കോഴിക്കോട് ബീച്ചിൽ വേടനും ഹനാൻ ഷായും ചേർന്ന് നടത്തിയ സംഗീത നിശയിലായിരുന്നു റാപ്പർ തന്റെ നിലപാട് വ്യക്തമാക്കിയത്. “ഭാരതത്തിൽ ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങൾ ജീവിക്കുന്ന ഇടമാണ് കേരളത്തിലെ മലബാർ മേഖല. നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങൾ ഉള്ളതുകൊണ്ടാണ് ഈ രാജ്യത്ത് ജനാധിപത്യം ഇപ്പോഴും നിലനിൽക്കുന്നത്. ഇല്ലെങ്കിൽ ഇവന്മാർ നമ്മളെ എന്നേ കഴിച്ചിട്ട് പോയേനെ. ഇവിടെ കസേരയിട്ടിരിക്കുന്നവർക്കും കാണാൻ വേണ്ടി മണിക്കൂറുകളായി കാത്തുനിൽക്കുന്നവർക്കും ഈ കാര്യം മനസ്സിലാവണം. നമുക്ക് സ്വതന്ത്രമായി ഒത്തുകൂടാനും വിപ്ലവപ്പാട്ടുകൾ പാടാനും സഹമനുഷ്യരെ സ്നേഹിക്കാനും സാധിക്കുന്നത് ഇവിടെ ന്യൂനപക്ഷങ്ങൾ ശക്തമായി നിൽക്കുന്നത് കൊണ്ടാണ്. മൂന്നോ നാലോ മാസത്തിനുള്ളിൽ ഇലക്ഷൻ വരികയാണ്, നോക്കി വോട്ട് ചെയ്യുക,” വേടൻ പറഞ്ഞു.
നേരത്തെയും തന്റെ പാട്ടുകളിലൂടെയും വരികളിലൂടെയും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ വേടൻ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ നേരിട്ടുള്ള ആഹ്വാനം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. മലബാർ മേഖലയിലെ വോട്ട് ബാങ്കുകളെ സ്വാധീനിക്കാൻ ഇത്തരം പ്രസ്താവനകൾ ഇടയാക്കുമോ എന്ന ചർച്ചയും സജീവമാണ്.










