ആഭ്യന്തര കലഹങ്ങളിലും സാമ്പത്തിക തകർച്ചയിലും ഉഴലുന്ന പാകിസ്താൻ വീണ്ടും നാണംകെടുന്നു. അതിർത്തിയിൽ കൊല്ലപ്പെടുന്ന സ്വന്തം സൈനികരെ രാജ്യം ആദരിക്കാറില്ലെന്നും രാഷ്ട്രീയ നേതാക്കൾ അവരുടെ ശവസംസ്കാര ചടങ്ങുകളിൽ പോലും പങ്കെടുക്കാറില്ലെന്നും വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തന്നെ രംഗത്തെത്തി. പാകിസ്താൻ നാഷണൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് ലോകത്തിന് മുന്നിൽ പാകിസ്താനെ നാണംകെടുത്തുന്ന ഈ തുറന്നുപറച്ചിൽ അദ്ദേഹം നടത്തിയത്.
സൈന്യത്തിന് വലിയ പ്രാധാന്യം നൽകുന്നു എന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത്, വീരമൃത്യു വരിക്കുന്ന സൈനികരോട് കാണിക്കുന്ന ഈ അനാദരവ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.കാർഗിൽ യുദ്ധകാലത്ത് പാകിസ്താൻ കാണിച്ച കൊടുംചതിയാണ് ഖ്വാജ ആസിഫിന്റെ വാക്കുകളിലൂടെ വീണ്ടും ചർച്ചയാകുന്നത്. 1999-ൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ വീണടിഞ്ഞ സ്വന്തം പട്ടാളക്കാരെ ‘കശ്മീരി വിമോചന പോരാളികൾ’ എന്ന് വിളിച്ച് തള്ളിക്കളഞ്ഞ പാരമ്പര്യമാണ് പാകിസ്താനുള്ളത്. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ പോലും അന്ന് പാക് സൈന്യം തയ്യാറായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം 2010-ലാണ് വടക്കൻ ലൈറ്റ് ഇൻഫൻട്രിയിലെ 453 സൈനികർ കാർഗിലിൽ കൊല്ലപ്പെട്ടതായി അവർ ഔദ്യോഗികമായി സമ്മതിച്ചത്. ഇപ്പോൾ പ്രതിരോധ മന്ത്രി തന്നെ പാർലമെന്റിൽ സൈനികരുടെ ദുരവസ്ഥ വിവരിക്കുമ്പോൾ, ഭാരതത്തിന് മുന്നിൽ പാകിസ്താൻ വീണ്ടും അപഹാസ്യരാകുകയാണ്. സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ നൽകുന്നവരോട് പാകിസ്താൻ കാണിക്കുന്ന ഈ ക്രൂരത അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഇന്ത്യാവിരുദ്ധതയും ഭീകരവാദവും വളർത്തി ഒടുവിൽ സ്വയം കുഴിയിൽ വീണ പാകിസ്താൻ, അമേരിക്കയുടെ മുന്നിൽ തങ്ങൾ എത്രത്തോളം തരംതാഴ്ന്നുവെന്നും ഖ്വാജ ആസിഫ് വിവരിച്ചു. സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം അമേരിക്കയുമായി ചേർന്നത് വലിയ തെറ്റായിരുന്നു. അമേരിക്ക തങ്ങളെ ‘ടോയ്‌ലറ്റ് പേപ്പർ’ പോലെയാണ് പരിഗണിച്ചതെന്നും ഉപയോഗം കഴിഞ്ഞപ്പോൾ വലിച്ചെറിഞ്ഞുവെന്നും അദ്ദേഹം പരിതപിച്ചു. അഫ്ഗാൻ യുദ്ധങ്ങളിൽ പങ്കാളിയായതിലൂടെ രാജ്യത്ത് തീവ്രവാദവും അസ്ഥിരതയും പടരാൻ മാത്രമാണ് കാരണമായതെന്നും അദ്ദേഹം സമ്മതിച്ചു.
ഭാരതത്തിനെതിരെ പ്രയോഗിക്കാൻ മൂന്ന് പതിറ്റാണ്ടോളം ഭീകര സംഘടനകളെ പരിശീലിപ്പിക്കുകയും പണം നൽകുകയും ചെയ്തത് പാകിസ്താൻ ചെയ്ത ‘വൃത്തികെട്ട പണി’ (Dirty Work) ആണെന്ന് മുൻപ് അദ്ദേഹം സമ്മതിച്ചിരുന്നു. മുൻപ് ഭരിച്ചിരുന്ന ഏകാധിപതികളുടെ തെറ്റായ നയങ്ങളാണ് ഇന്ന് പാകിസ്താൻ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി പാകിസ്താൻ മാറിയെന്ന് ഭാരതം ആവർത്തിച്ചു പറയുമ്പോഴെല്ലാം അത് നിഷേധിച്ചിരുന്ന പാകിസ്താന് സ്വന്തം മന്ത്രിയുടെ ഈ വാക്കുകൾ വലിയ പ്രഹരമാണ്.












