ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം റിസോർട്ട് പൂട്ടിക്കാനെത്തിയ റവന്യു സംഘത്തിന് നേരെ സിപിഎം നേതാവിന്റെ വധഭീഷണി. ‘ഇവിടെ ഒഴിപ്പിക്കൽ വേണ്ടെന്നും മുന്നിൽ വന്നാൽ ചവിട്ടി കഴുത്തൊടിക്കുമെന്നുമാണ്’ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.പി സുനിൽകുമാർ ഉദ്യോഗസ്ഥരോട് ആക്രോശിച്ചത്. റവന്യു വകുപ്പിന്റെ എൻഒസി (NOC) ഇല്ലാതെ നിർമിച്ച റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്പിക്കാനെത്തിയ ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ സിദ്ദിഖ് കുട്ടി, ചിന്നക്കനാൽ വില്ലേജ് ഓഫിസർ വി.സന്തോഷ്കുമാർ എന്നിവരുൾപ്പെടെയുള്ള സംഘത്തിന് നേരെയായിരുന്നു അതിക്രമം.
സൂര്യനെല്ലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടിനെതിരെ ഹൈക്കോടതിയുടെ കർശന ഉത്തരവുണ്ടായിരുന്നു. ഇത് നടപ്പാക്കാൻ പോലീസ് സന്നാഹമില്ലാതെ എത്തിയ റവന്യു സംഘത്തെ എൻ.പി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവർത്തകർ തടയുകയായിരുന്നു. ഉദ്യോഗസ്ഥരെ വളഞ്ഞ സംഘം അസഭ്യം പറയുകയും ശാരീരികമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജില്ലാ കമ്മിറ്റിയംഗം വി.വി ഷാജി, ഏരിയ കമ്മിറ്റിയംഗം വി.എക്സ് ആൽബിൻ എന്നിവരും പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്നു.
ഉന്നത നേതാക്കൾ തന്നെ നേരിട്ട് ഭീഷണിയുമായി രംഗത്തെത്തിയതോടെ ഉദ്യോഗസ്ഥർക്ക് കോടതി വിധി നടപ്പാക്കാനാവാതെ മടങ്ങേണ്ടി വന്നു. ഒടുവിൽ ഉടമയിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയ ശേഷമാണ് സംഘം സ്ഥലം വിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിയമം നടപ്പാക്കാൻ എത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തിയ നേതാവിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിൽ അനധികൃത നിർമാണങ്ങൾക്കെതിരെ റവന്യു വകുപ്പ് നടപടി കർശനമാക്കുന്നതിനിടെയാണ് സിപിഎം നേതാക്കളുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം.









Discussion about this post