ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുമ്പോൾ തന്റെ ക്യാപ്റ്റൻസിയിലെ വിജയരഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നായകൻ സൂര്യകുമാർ യാദവ്. തന്റെ മുൻഗാമിയായ രോഹിത് ശർമ്മയുടെ പാതയാണ് താൻ പിന്തുടരുന്നതെന്ന് സൂര്യ തുറന്നു പറഞ്ഞു.
രോഹിത് ശർമ്മയുടെ നായകത്വത്തിന് കീഴിൽ 2024 ടി20 ലോകകപ്പും 2025 ചാമ്പ്യൻസ് ട്രോഫിയും നേടിയ അതേ തന്ത്രങ്ങളാണ് സൂര്യകുമാറും ഇപ്പോൾ പരീക്ഷിക്കുന്നത്. ഐസിസിക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യ രോഹിത്തിനോടുള്ള തന്റെ ബഹുമാനം പ്രകടിപ്പിച്ചത്.
“ടോസ് നേടിയാൽ എന്ത് ചെയ്യണമെന്ന് ഞാൻ ഇപ്പോഴും രോഹിത്തിനോട് ചോദിക്കാറുണ്ട്. 2024 ടി20 ലോകകപ്പിലും 2025 ചാമ്പ്യൻസ് ട്രോഫിയിലും അദ്ദേഹം എന്താണോ ചെയ്തത്, അത് തന്നെയാണ് ഞങ്ങൾ ഇപ്പോഴും പിന്തുടരുന്നത്,” സൂര്യകുമാർ പറഞ്ഞു.
രോഹിത്തിന് കീഴിൽ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള തനിക്ക് അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും, അദ്ദേഹം ചെയ്ത സമാനമായ കാര്യങ്ങൾ ഗ്രൗണ്ടിൽ നടപ്പിലാക്കാൻ മാത്രമാണ് താൻ ശ്രമിക്കുന്നതെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി. സൂര്യകുമാറിന്റെ ക്യാപ്റ്റൻസി ശൈലിയിൽ രോഹിത് ശർമ്മയുടെ സ്വാധീനം പ്രകടമാണെന്ന് മുൻപ് മുരളി കാർത്തിക്കിനെപ്പോലുള്ള താരങ്ങളും നിരീക്ഷിച്ചിരുന്നു.












