ഉത്തർപ്രദേശിലെ ഉന്നാവോയിലുള്ള സപ്രു സ്റ്റേഡിയത്തിൽ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തെത്തുടർന്ന് മുതിർന്ന ക്രിക്കറ്റ് അമ്പയർ മണിക് ഗുപ്തയ്ക്ക് (65) ദാരുണാന്ത്യം. കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ദീർഘകാലമായി സഹകരിക്കുന്ന ഇദ്ദേഹം സംസ്ഥാന പാനൽ അമ്പയറായിരുന്നു.
ഉത്തർപ്രദേശിലെ ഉന്നാവോയിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ അപ്രതീക്ഷിത തേനീച്ച ആക്രമണമാണ് മുപ്പത് വർഷത്തിലേറെയായി ഈ രംഗത്ത് സജീവമായിരുന്ന മണിക് ഗുപ്തയുടെ ജീവനെടുത്തത്. ഫെബ്രുവരി 18-ന് സപ്രു സ്റ്റേഡിയത്തിൽ അണ്ടർ-13 ടൂർണമെന്റ് നടക്കുന്നതിനിടെയാണ് സംഭവം. തന്റെ മത്സരം പൂർത്തിയാക്കിയ മണിക് ഗുപ്ത, മറ്റൊരു മത്സരത്തിൽ അമ്പയറിങ് ചെയ്യുകയായിരുന്ന സഹപ്രവർത്തകനെ കാണാൻ ഡ്രിങ്ക്സ് ബ്രേക്ക് സമയത്ത് ഗ്രൗണ്ടിലെത്തിയതായിരുന്നു. ഇരുവരും ചായ കുടിച്ചുകൊണ്ടിരിക്കെ പിന്നിൽ നിന്നെത്തിയ തേനീച്ചക്കൂട്ടം എല്ലാവരെയും ആക്രമിക്കുകയായിരുന്നു.
തേനീച്ചകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ഓടുന്നതിനിടെ മണിക് ഗുപ്തയുടെ നിയന്ത്രണം നഷ്ടപ്പെടുകയും അദ്ദേഹം നിലത്തു വീഴുകയും ചെയ്തു. തുടർന്ന് തേനീച്ചക്കൂട്ടം അദ്ദേഹത്തെ പൊതിയുകയായിരുന്നു. ബോധരഹിതനായ ഇദ്ദേഹത്തെ ഉന്നാവോയിലെ സ്വകാര്യ ആശുപത്രികളിലും പിന്നീട് കാൺപൂരിലെ എൽ.എൽ.ആർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ ശരീരമാസകലം തേനീച്ചയുടെ കുത്തുകളേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.












