ന്യൂഡൽഹി : ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിപക്ഷ ബഹളത്തിനിടെ ലോക്‌സഭാ നടപടികൾ ആരംഭിച്ചു. ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ചിരുന്ന അവിശ്വാസപ്രമേയം തള്ളിയതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിപക്ഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നീങ്ങിയിരിക്കുന്നത്.
ലോക്സഭയിലും രാജ്യസഭയിലും ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് സമർപ്പിച്ചു. തൃണമൂൽ കോൺഗ്രസും (ടിഎംസി) മറ്റ് പ്രതിപക്ഷ പാർട്ടികളും ചേർന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രമേയം ഔപചാരികമായി പരിഗണിക്കുന്നതിന് ലോക്‌സഭയിലെ കുറഞ്ഞത് 100 അംഗങ്ങളോ രാജ്യസഭയിലെ 50 അംഗങ്ങളോ നോട്ടീസിൽ ഒപ്പിടണം. ലോക്‌സഭയിൽ നിന്ന് 128 പ്രതിപക്ഷ എംപിമാരും രാജ്യസഭയിൽ നിന്ന് 63 എംപിമാരും കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു. എങ്കിലും പാർലമെന്റിൽ അവതരിപ്പിക്കുന്ന പ്രമേയം പാസാകണമെങ്കിൽ , ലോക്‌സഭയിലും രാജ്യസഭയിലും പ്രത്യേക ഭൂരിപക്ഷത്തോടെ അത് അംഗീകരിക്കപ്പെടണം.
ഹാജരാകുകയും വോട്ട് ചെയ്യുകയും ചെയ്യുന്ന അംഗങ്ങളിൽ കുറഞ്ഞത് മൂന്നിൽ രണ്ട് ഭാഗമെങ്കിലും പിന്തുണച്ചെങ്കിൽ മാത്രമേ പ്രമേയം പാസാവുകയുള്ളൂ. കൂടാതെ അനുകൂലമായി വോട്ട് ചെയ്യുന്ന അംഗങ്ങൾ സഭയുടെ ആകെ അംഗസംഖ്യയുടെ പകുതിയിൽ കൂടുതലാകണം. ഇരുസഭകളും ഈ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിക്കഴിഞ്ഞാൽ, അന്തിമ നടപടിക്കായി അത് ഇന്ത്യൻ പ്രസിഡന്റിന് അയയ്ക്കും.











