ടെഹ്റാൻ : ഇറാനിലെ ഖേഷ്ം ദ്വീപിലുള്ള സുപ്രധാന സമുദ്രജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം. ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനങ്ങളിൽ പ്ലാന്റിന്റെ പ്രധാന പമ്പിംഗ് സ്റ്റേഷനും ശുദ്ധീകരണ യൂണിറ്റുകളും തകർന്നു. മേഖലയിലെ ശുദ്ധജല വിതരണം പൂർണമായും തടസ്സപ്പെട്ടു. ഹോർമുസ് കടലിടുക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഇറാന്റെ ഏറ്റവും വലിയ ദ്വീപായ ഖേഷ്മിലെ വാട്ടർ പ്ലാന്റിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പൊതുജനങ്ങളുടെ ആവശ്യങ്ങൾക്ക് പുറമേ ഇറാനിയൻ നാവികസേനാ താവളങ്ങളിലേക്കും വെള്ളം എത്തിച്ചിരുന്നത് ഈ ശുദ്ധീകരണ പ്ലാന്റിൽ നിന്നുമായിരുന്നു.
ആക്രമണത്തെ തുടർന്ന്
പ്ലാന്റിന്റെ 70 ശതമാനത്തോളം പ്രവർത്തനരഹിതമായി. ലക്ഷക്കണക്കിന് ആളുകൾക്ക് കുടിവെള്ളം എത്തിച്ചിരുന്ന ഈ പ്ലാന്റ് തകർന്നതോടെ ദ്വീപിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഈ ദ്വീപിന് ചുറ്റുമാണ് എന്നുള്ളതിനാൽ ഇറാന് കനത്ത തിരിച്ചടിയാണ് ഈ ആക്രമണത്തിലൂടെ ഉണ്ടായിരിക്കുന്നത്.
അത്യാധുനിക ക്രൂയിസ് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ഫഹാനിൽ നടന്ന ബങ്കർ ബസ്റ്റർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഖേഷ്മിലും സ്ഫോടനം ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ അമേരിക്ക ഇസ്രായേലോ ഖേഷ്ം ദ്വീപിൽ നടന്ന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.










