ചണ്ഡീഗഡ് : പ്രമുഖ മനുഷ്യാവകാശ അഭിഭാഷകനും മുൻ ആം ആദ്മി പാർട്ടി നേതാവുമായ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ മുൻ എംഎൽഎ ആയിരുന്നു. ബുധനാഴ്ച ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖർ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
ഏഴ് വർഷത്തെ രാഷ്ട്രീയ വനവാസത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ എച്ച്.എസ്. ഫൂൽക്ക, 1984-ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്ക് നീതി തേടി നടത്തിയ നിയമപോരാട്ടങ്ങളിലൂടെയാണ് രാജ്യാന്തര ശ്രദ്ധ നേടിയത്. 2017-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ദാഖ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2015-ലെ വിശുദ്ധ ഗ്രന്ഥം അവഹേളിച്ച കേസുകളിൽ നടപടിയെടുക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് 2018-ൽ എംഎൽഎ സ്ഥാനവും 2019-ൽ ആം ആദ്മി പാർട്ടിയും അദ്ദേഹം വിട്ടു. രാഷ്ട്രീയത്തെക്കാൾ ഉപരി ഇരകൾക്ക് നീതി ഉറപ്പാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.








