ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ നേതൃത്വവുമായുള്ള ഭിന്നത പരസ്യമാക്കി രാഘവ് ഛദ്ദ. പാർട്ടി തന്നെ തഴഞ്ഞതിൽ അമ്പരപ്പ് പ്രകടിപ്പിച്ച രാഘവ് ഛദ്ദ ‘ഞാൻ എന്ത് തെറ്റാണ് ചെയ്തത്?’ എന്നും ചോദ്യമുന്നയിച്ചു. താൻ നിശബ്ദനാക്കപ്പെട്ടിരിക്കുകയാണെന്നും എന്നാൽ പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭയിലെ പാർട്ടിയുടെ രണ്ടാമത്തെ പ്രധാന തസ്തികയായ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് എഎപി രാഘവ് ഛദ്ദയെ നീക്കം ചെയ്തിരുന്നു. പഞ്ചാബിൽ നിന്നുള്ള എംപിയായ അശോക് മിത്തലിനെ ആണ് പാർട്ടി പകരമായി നിയമിച്ചത്. രാജ്യസഭയിൽ എഎപിക്ക് അനുവദിച്ചിട്ടുള്ള സമയപരിധിയിൽ സംസാരിക്കാൻ രാഘവ് ഛദ്ദയെ അനുവദിക്കരുത് എന്ന് ആം ആദ്മി പാർട്ടി ഔദ്യോഗികമായി സഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
“സാധാരണക്കാരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നത് കുറ്റമാണോ? ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത് ഒരു തെറ്റാണെങ്കിൽ, ആ തെറ്റ് ഞാൻ ആവർത്തിച്ചുകൊണ്ടേയിരിക്കും,” എന്ന് എക്സിൽ പങ്കുവെച്ച ഒരു വീഡിയോ സന്ദേശത്തിൽ രാഘവ് ഛദ്ദ വ്യക്തമാക്കി. മദ്യനയക്കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്ക്കും അനുകൂലമായി ഒരിക്കലും രാഘവ് ഛദ്ദ സംസാരിച്ചിരുന്നില്ല എന്നുള്ളത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. കെജ്‌രിവാളിന്റെ പത്രസമ്മേളനങ്ങളിലും ജന്തർ മന്തറിലെ റാലികളിലും രാഘവ് ഛദ്ദ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ കുറച്ചു കാലമായി പാർട്ടി പരിപാടികളിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.








