യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്ക് വേദിയാകാനൊരുങ്ങുന്ന പാകിസ്താൻ്റെ യഥാർത്ഥ മുഖം പുറത്ത്. ഇസ്രയേലിനെ ‘മനുഷ്യരാശിയുടെ ശാപം’ എന്നും ‘കാൻസർ ബാധിച്ച രാജ്യം’ എന്നും വിശേഷിപ്പിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വൻ വിവാദമാകുന്നു. ഇസ്രയേലിനെ സൃഷ്ടിച്ചവർ നരകത്തിൽ പോകട്ടെയെന്ന മന്ത്രിയുടെ ശാപവാക്കുകൾ നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്‌ലാമാബാദിൽ നിർണ്ണായകമായ ചർച്ചകൾ നടക്കുമ്പോൾ തന്നെ ഇത്തരത്തിൽ പ്രകോപനം സൃഷ്ടിക്കുന്നത് പാകിസ്താൻ്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അതിശക്തമായ ഭാഷയിൽ മറുപടി നൽകിക്കഴിഞ്ഞു. പാക് മന്ത്രിയുടെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് ഇസ്രയേൽ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഖ്വാജ ആസിഫിന്റെ വിദ്വേഷ പരാമർശം. ഗാസയിലും ഇറാനിലും ഇപ്പോൾ ലബനനിലും ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്നും നിരപരാധികളെ കൊന്നൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് പരിഹാസ്യമാണെന്ന നിലപാടിലാണ് ഇസ്രയേൽ. സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ യോഗ്യതയില്ലാത്ത രാജ്യമാണ് പാകിസ്താൻ എന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ അംബാസഡർ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക്ക് മന്ത്രിയുടെ ഈ പ്രകോപനം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിന് പകരം തീവ്രവാദി ഗ്രൂപ്പുകളെ പ്രീണിപ്പിക്കാനാണ് പാകിസ്താൻ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതെന്ന വിമർശനം ശക്തമാണ്. നെതന്യാഹുവിന്റെ ഓഫീസിൽ നിന്നുള്ള കടുത്ത മറുപടി വന്നതോടെ പാകിസ്താൻ നയതന്ത്രപരമായി വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്.












