സയൻസ് ഫിക്ഷൻ സിനിമകളിൽ നമ്മൾ കണ്ട് ഭയന്ന ബ്ലാക്ക് ഹോളുകൾ അഥവാ കൃഷ്ണഗഹ്വരങ്ങൾ വെറുമൊരു ഭാവനയല്ല! പ്രകാശത്തെപ്പോലും വിഴുങ്ങാൻ ശേഷിയുള്ള ഈ പ്രപഞ്ച ഭീമന്റെ ഉള്ളിലേക്ക് ഒരു മനുഷ്യൻ വീണുപോയാൽ എന്ത് സംഭവിക്കും? ചിന്തിക്കാൻ പോലും സാധിക്കാത്ത അത്രയും ഭീതിജനകമായ കാര്യങ്ങളാണ് അവിടെ നടക്കുകയെന്ന് അന്താരാഷ്ട്ര ശാസ്ത്രലോകവും ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗും മുന്നറിയിപ്പ് നൽകുന്നു.
ബ്ലാക്ക് ഹോളിന്റെ അതിർവരമ്പായ ‘ഇവന്റ് ഹൊറൈസൺ’ കടക്കുന്ന നിമിഷം മുതൽ തിരിച്ചുവരവില്ലാത്ത മരണക്കെണിയിലാണ് നമ്മൾ അകപ്പെടുന്നത്. അവിടെവെച്ച് മനുഷ്യശരീരത്തിൽ നടക്കുന്ന പ്രതിഭാസത്തെ ശാസ്ത്രജ്ഞർ വിളിക്കുന്നത് ‘സ്പാഗെറ്റിഫിക്കേഷൻ’ (Spaghetification) എന്നാണ്! ബ്ലാക്ക് ഹോളിന്റെ അതിശക്തമായ ഗുരുത്വാകർഷണം മൂലം കാൽപാദങ്ങളിലെ വലിവും തലയിലെ വലിവും തമ്മിൽ ദശലക്ഷക്കണക്കിന് മടങ്ങ് വ്യത്യാസമുണ്ടാകും. ഫലത്തിൽ, മനുഷ്യശരീരം ഒരു റബ്ബർ ബാൻഡ് പോലെ നീണ്ട്, നൂഡിൽസ് രൂപത്തിലായി നിമിഷനേരം കൊണ്ട് തകർന്നടിയും.
എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ടെന്നാണ് സ്റ്റീഫൻ ഹോക്കിംഗ് കണ്ടെത്തിയത്. ബ്ലാക്ക് ഹോളുകൾ കാര്യങ്ങളെ പൂർണ്ണമായി നശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. അവയിൽ നിന്ന് ‘ഹോക്കിംഗ് റേഡിയേഷൻ’ എന്ന പേരിൽ ഊർജ്ജം പുറത്തേക്ക് പ്രസരിക്കുന്നുണ്ട്. ഇതിലേക്ക് വീഴുന്ന വിവരങ്ങളും പദാർത്ഥങ്ങളും പൂർണ്ണമായി ഇല്ലാതാകുന്നില്ലെന്നും, കാലക്രമേണ പ്രപഞ്ചത്തിലേക്ക് തന്നെ വേറൊരു രൂപത്തിൽ തിരിച്ചെത്താമെന്നും അദ്ദേഹം തെളിയിച്ചു. എങ്കിലും, ഒരു മനുഷ്യന് ജീവനോടെ ഇതിൽ നിന്ന് രക്ഷപ്പെടുക എന്നത് പൂർണ്ണമായും അസാധ്യമായ കാര്യമാണ്!












