ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ. അമേരിക്കയിലെ മൊണ്ടാന സ്വദേശിയായ ജെഫ്രി സ്കോട്ട് പ്രാതർ ആണ് പിടിയിലായത്. ഇദ്ദേഹത്തോടൊപ്പം കൊൽക്കത്ത സ്വദേശിയായ കൗശിക് ഹൽദാർ എന്നയാളും ഉണ്ടായിരുന്നു.
‘ഗാർമിൻ’ കമ്പനിയുടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്റർ ഉപകരണമാണ് ഇയാളുടെ ബാഗേജിൽ നിന്ന് കണ്ടെത്തിയത്. വിമാനത്താവള സുരക്ഷാ വിഭാഗം പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇവരെ കൂടുതൽ അന്വേഷണത്തിനായി പോലീസിന് കൈമാറി. ഇന്ത്യയിൽ, പ്രത്യേകിച്ച് ജമ്മു കശ്മീർ പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുണ്ട്.
ഇന്ത്യയിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ തുറായ, ഇറിഡിയം തുടങ്ങിയ സാറ്റലൈറ്റ് ഫോണുകൾ കൈവശം വെക്കുന്നത് ഇന്ത്യൻ ടെലിഗ്രാഫ് നിയമപ്രകാരം കുറ്റകരമാണ്. അടുത്തിടെ ചത്രപതി സംഭാജിനഗർ വിമാനത്താവളത്തിലും ഒരു അമേരിക്കൻ ഡോക്ടർ സാറ്റലൈറ്റ് ഫോണുമായി പിടിയിലായിരുന്നു.








