ഓൺലൈൻ ടാക്സി സർവീസായ റാപ്പിഡോയിൽ യാത്ര ചെയ്ത യുവതിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. യാത്ര അവസാനിച്ചതിന് പിന്നാലെ യുവതിയുടെ സ്വകാര്യ ഫോൺ നമ്പറിലേക്ക് വാട്സാപ്പിലൂടെ സന്ദേശമയച്ച റൈഡറുടെ നടപടിയാണ് വിവാദമായിരിക്കുന്നത്. അനുഷ്ക എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് തനിക്കുണ്ടായ ഈ അനുഭവം സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചത്.
റാപ്പിഡോയിൽ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് പിന്നാലെ റൈഡർ യുവതിയെ വാട്സാപ്പിൽ ബന്ധപ്പെടുകയായിരുന്നു. തികച്ചും വിചിത്രവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ രീതിയിലായിരുന്നു ഇയാളുടെ സംഭാഷണമെന്ന് അനുഷ്ക പോസ്റ്റിൽ കുറിച്ചു. യാത്രക്കാരുടെ ഫോൺ നമ്പറുകൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി. എങ്ങനെയാണ് റൈഡർക്ക് തന്റെ മൊബൈൽ നമ്പർ ലഭിച്ചതെന്ന ഗൗരവകരമായ ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.
സംഭവം വിവാദമായതോടെ റാപ്പിഡോ ഔദ്യോഗികമായി പ്രതികരണവുമായി രംഗത്തെത്തി. റൈഡറുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും കമ്പനിയുടെ സേവന നിലവാരത്തിന് വിരുദ്ധമാണിതെന്നും റാപ്പിഡോ വ്യക്തമാക്കി. “റൈഡറുടെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പെരുമാറ്റത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഇത്തരം സംഭവങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്.” -റാപ്പിഡോ അധികൃതർ യുവതിക്ക് മറുപടി നൽകി പറഞ്ഞു.
യുവതിയോട് റൈഡ് ഐഡിയും രജിസ്റ്റർ ചെയ്ത നമ്പറും കൈമാറാൻ ആവശ്യപ്പെട്ട കമ്പനി, കുറ്റക്കാരനായ റൈഡർക്കെതിരെ മുൻഗണനാടിസ്ഥാനത്തിൽ അന്വേഷണം നടത്തി കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകി. യാത്ര കഴിഞ്ഞാലും വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമല്ലെന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം പ്ലാറ്റ്‌ഫോമുകൾ നമ്പറുകൾ മാസ്ക് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും, എങ്ങനെയാണ് റൈഡർമാർക്ക് നമ്പറുകൾ ലഭിക്കുന്നതെന്ന കാര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം.









