തൃശൂർ : മുണ്ടത്തിക്കോട് വെടിപ്പുരയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശൂർ പൂരം ആഘോഷങ്ങളില്ലാതെ ചടങ്ങായി മാത്രം നടത്താൻ തീരുമാനം. വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കാനും പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റം വെറും 15 മിനിറ്റായി ചുരുക്കാനും തൃശൂർ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി.
ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ തൃശൂർ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മറ്റ് ജനപ്രതിനിധികൾ, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഏപ്രിൽ 24-ന് നടക്കേണ്ടിയിരുന്ന സാമ്പിൾ വെടിക്കെട്ടും ഏപ്രിൽ 27 പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും പൂർണ്ണമായും ഒഴിവാക്കി. പൂരത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പകൽ വെടിക്കെട്ടും ഉണ്ടായിരിക്കില്ല.
കുടമാറ്റം ഇത്തവണ വെറും 15 മിനിറ്റായി ചുരുക്കി. പത്തിൽ താഴെ സെറ്റ് കുടകൾ മാത്രമാകും ഇരുവിഭാഗവും ഉയർത്തുക. അതേസമയം ആചാരം കണക്കിലെടുത്ത് ആനകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടാകില്ല. ഇലഞ്ഞിത്തറ മേളം, മഠത്തിൽ വരവ് തുടങ്ങിയ ചടങ്ങുകൾ പതിവ് പ്രകാരം നടക്കുമെങ്കിലും വലിയ രീതിയിലുള്ള ആഘോഷങ്ങൾ ഒഴിവാക്കും. ആഘോഷങ്ങൾ ഒഴിവാക്കുമെങ്കിലും പൂരത്തിന്റെ തനിമ നിലനിർത്തുന്ന ചടങ്ങുകൾക്ക് തടസ്സമുണ്ടാകില്ലെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി.









