ആം ആദ്മി പാർട്ടിയിലെ പ്രമുഖ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടത് സംഘടനയുടെ പിഴവാണെന്ന് അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ അഹില്യാനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ കൂട്ടകൊഴിഞ്ഞുപോക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ജനാധിപത്യത്തിൽ എല്ലാവർക്കും സ്വന്തം അഭിപ്രായം പറയാൻ അവകാശമുണ്ട്. രാഘവ് ചദ്ദയും മറ്റുള്ളവരും പാർട്ടിയിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടാകണം. പാർട്ടി ശരിയായ വഴിയിലൂടെയാണ് പോയിരുന്നതെങ്കിൽ ഇങ്ങനെയൊന്ന് സംഭവിക്കില്ലായിരുന്നു.” ഹസാരെ പറഞ്ഞു. പാർട്ടിക്ക് ദൗത്യം പിഴച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. ശരിയായ പാത പിന്തുടർന്നിരുന്നു എങ്കിൽ ആരും പാർട്ടി വിടാൻ ആഗ്രഹിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭയിലെ എഎപി അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും പാർട്ടി വിട്ടു. രാഘവ് ചദ്ദയ്ക്ക് പുറമെ സ്വാതി മലിവാൾ, ക്രിക്കറ്റ് താരം കൂടിയായ ഹർഭജൻ സിംഗ്, സന്ദീപ് പഥക്, അശോക് മിത്തൽ, വിക്രംജിത് സിംഗ് സാഹ്നി, രാജേന്ദർ ഗുപ്ത എന്നിവരാണ് പാർട്ടി വിട്ടത്. തങ്ങൾ ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചതായി ഭരണഘടനാ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി രാഘവ് ചദ്ദ അറിയിച്ചു. “തെറ്റായ പാർട്ടിയിലെ ശരിയായ മനുഷ്യൻ” എന്നാണ് തന്നെത്തന്നെ വിശേഷിപ്പിച്ചുകൊണ്ട് ചദ്ദ ഈ മാറ്റത്തെ പ്രഖ്യാപിച്ചത്.








