ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ബാറ്റിംഗ് സെൻസേഷൻ 15-കാരനായ വൈഭവ് സൂര്യവംശിക്കെതിരെ വിവാദ പരാമർശവുമായി പാകിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ്. താരം തന്റെ ബാറ്റിൽ പവറിനായി എഐ ചിപ്പ് ഉപയോഗിക്കുന്നുണ്ടെന്ന വിചിത്രമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
വാഡ ഉത്തേജക മരുന്ന് പരിശോധന നടത്തുന്നത് പോലെ സൂര്യവംശിയുടെ ബാറ്റ് ലാബിൽ പരിശോധിക്കണമെന്ന് നിയാസ് ആവശ്യപ്പെട്ടു. ഈ പ്രായത്തിൽ സാധാരണയായി ശരീരത്തിൽ മസിലുകൾ വികസിക്കില്ലെന്നും പിന്നെ എങ്ങനെയാണ് ഇത്രയും പവർ വരുന്നത് എന്നുമാണ് ഇദ്ദേഹത്തിന്റെ ചോദ്യം. സൂര്യവംശിയുടെ ടെക്നിക്കും കളിശൈലിയും അവിശ്വസനീയമാണെന്നും ഇതിന് പിന്നിൽ സാങ്കേതിക വിദ്യയുടെ സഹായമുണ്ടാകാമെന്നും ‘സ്മാഷ് ഹിറ്റ്’ എന്ന ഷോയിൽ നിയാസ് പറഞ്ഞു.
ആരോപണങ്ങൾക്കിടയിലും മൈതാനത്ത് വിസ്മയം തീർക്കുകയാണ് താരം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെറും 37 പന്തിൽ സൂര്യവംശി തന്റെ രണ്ടാം ഐപിഎൽ സെഞ്ച്വറി പൂർത്തിയാക്കി. നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 357 റൺസുമായി റൺവേട്ടയിൽ രണ്ടാം സ്ഥാനത്താണ് സൂര്യവംശി. വിരാട് കോഹ്‌ലി, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ തുടങ്ങിയ വമ്പൻമാരെ പിന്തള്ളിയാണ് ഈ കുതിപ്പ്.
ജനുവരിയിൽ നടന്ന അണ്ടർ-19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന താരം ഇതിനോടകം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ സെഞ്ച്വറികൾ നേടിയിട്ടുണ്ട്.












