ഭാരതത്തിന്റെ അഭിമാനമായ ഗഗൻയാൻ ദൗത്യം ചരിത്രത്തിലേക്ക് ഒരുങ്ങുമ്പോൾ, ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ഗഗനയാത്രികർക്ക് നൽകുന്ന അതിനൂതന പരിശീലന വിവരങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്കുള്ള യാത്രയിൽ ഓരോ നിമിഷവും എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് തെളിയിക്കുന്നതാണ് ഐഎസ്ആർഒയുടെ വാർഷിക റിപ്പോർട്ടിലെ ഈ വിവരങ്ങൾ. അത്യാധുനികമായ വെർച്വൽ റിയാലിറ്റി (VR) സംവിധാനങ്ങളും യഥാർത്ഥ പേടകത്തിന് സമാനമായ മോക്കപ്പുകളും ഉപയോഗിച്ചാണ് ‘ഗഗനയാത്രി’കൾക്ക് കഠിനമായ പരിശീലനം നൽകുന്നത്. പേടകത്തിനുള്ളിലെ പരിമിതമായ സ്ഥലത്ത് എങ്ങനെ കൂടുതൽ സമയം ചിലവഴിക്കാം എന്നതിനായി ‘ഹാബിറ്റബിലിറ്റി ട്രയലുകൾ’ പൂർത്തിയായിക്കഴിഞ്ഞു. 2 മണിക്കൂർ മുതൽ തുടർച്ചയായി 18 മണിക്കൂർ വരെ നീളുന്ന ട്രയലുകളിലൂടെയാണ് സഞ്ചാരികളുടെ മാനസികവും ശാരീരികവുമായ ക്ഷമത ഐഎസ്ആർഒ പരിശോധിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ പേടകത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം, ആശയവിനിമയ സംവിധാനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നിവയിൽ അതിസൂക്ഷ്മമായ പരിശീലനമാണ് നടക്കുന്നത്.
മിഷൻ കൺട്രോൾ സെന്ററിലെ ഉദ്യോഗസ്ഥരും സഞ്ചാരികളും തമ്മിലുള്ള ഏകോപനത്തിനായി ബംഗളൂരുവിൽ പ്രത്യേക മിഷൻ കൺട്രോൾ ട്രെയിനിംഗ് റൂമും സജ്ജമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ വിപുലമായ ആശയവിനിമയ ശൃംഖലയാണ് ഇന്ത്യ ഇതിനായി ഒരുക്കുന്നത്. ഓസ്‌ട്രേലിയയിലെ കോക്കോസ് ഐലൻഡിൽ പുതിയ ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിച്ചതിന് പുറമെ സ്വീഡിഷ് സ്‌പേസ് കോർപ്പറേഷനുമായും ഐഎസ്ആർഒ കരാറിൽ ഒപ്പിട്ടു കഴിഞ്ഞു. ആമസോൺ വെബ് സർവീസസ് (AWS) വഴിയുള്ള ഡാറ്റാ കൈമാറ്റവും ജർമ്മനിയിലെ ഗ്രൗണ്ട് സ്റ്റേഷനുകൾ വഴിയുള്ള ഓഡിയോ-വീഡിയോ ടെസ്റ്റുകളും വിജയകരമായി പൂർത്തിയാക്കി. സ്പേസ് ടെക്നോളജിയിൽ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നിൽ വിളിച്ചോതുന്ന സ്പാഡെക്സ് (SPADEX) മിഷനിലൂടെ ഈ സംവിധാനങ്ങളെല്ലാം ഐഎസ്ആർഒ പരീക്ഷിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.
ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ പരീക്ഷണം 2026-ൽ നടക്കാനാണ് സാധ്യത. ഇതിനായി ജിസാറ്റ് (GSAT) ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവരവിനിമയ പരീക്ഷണങ്ങളും പൂർത്തിയായി. ഇന്ത്യൻ നാവികസേനയുടെ ഷിപ്പുകൾ, ബംഗളൂരുവിലെയും ഡൽഹിയിലെയും മിഷൻ കൺട്രോൾ സെന്ററുകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന സുരക്ഷാ ശൃംഖലയും സജ്ജമാണ്. മനുഷ്യനെ അയക്കുന്ന ദൗത്യം 2028-ലേക്ക് നീങ്ങാൻ സാധ്യതയുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഐഎസ്ആർഒ തയ്യാറല്ല. ബഹിരാകാശത്ത് ഇന്ത്യയുടെ പതാക പാറിക്കാൻ ഗഗനയാത്രികർ സർവ്വസജ്ജരാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ വിവരങ്ങൾ.











