പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി കൈവരിച്ച ഐതിഹാസിക മുന്നേറ്റം ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. ബംഗാളിൽ കാവി തരംഗം ആഞ്ഞടിച്ചതോടെ നിക്ഷേപകർക്ക് ആവേശം വർധിക്കുകയും സെൻസെക്സ് 900 പോയിന്റിലധികം മുന്നേറുകയും ചെയ്തു. മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ വിപണിയിൽ വൻ തോതിലുള്ള ഓഹരി വാങ്ങലാണ് നടന്നത്. ദേശീയതയുടെയും വികസനത്തിന്റെയും രാഷ്ട്രീയത്തിന് ബംഗാൾ നൽകിയ അംഗീകാരം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. പാർട്ടിയുടെ വിജയം സ്ഥിരതയുള്ള ഭരണവും കൂടുതൽ സാമ്പത്തിക പരിഷ്കാരങ്ങളും കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
സെൻസെക്സ് ഒരുവേള 900 പോയിന്റ് മുന്നേറി. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 725 പോയിന്റ് (+0.94%) നേട്ടവുമായി 77,631ൽ. നിഫ്റ്റി 221 പോയിന്റ് (+0.93%) ഉയർന്ന് 24,211ലും എത്തി. ∙ ഹിന്ദുസ്ഥാൻ യൂണിലിവർ (+4.81%), അദാനി പോർട്സ് (+3.57%), മാരുതി സുസുക്കി (+3.07%), ബജാജ് ഫിനാൻസ് (+2.39%), എൽ ആൻഡ് ടി (+2.32%), ഏഷ്യൻ പെയിന്റ്സ് (+1.90%) എന്നിവയാണ് നേട്ടത്തിൽ മുന്നിൽ. ∙ ഹോർമുസിൽ കുടുങ്ങിയ കപ്പലുകളെ പുറത്തെത്തിക്കാനുള്ള ‘പ്രോജക്റ്റ് ഫ്രീഡം’ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കവും തുടർന്ന് എണ്ണവില താഴ്ന്നതും ഓഹരി വിപണികൾക്ക് ഗുണം ചെയ്തു.












