നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദയനീയ പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് അരുൺകുമാർ പരോക്ഷമായി വിമർശനമുന്നയിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും പാർട്ടി നിലപാടുകളിലും അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് സമൂഹമാധ്യമങ്ങളിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
”പാർട്ടി ജനങ്ങളോടൊപ്പം നിൽക്കേണ്ടവരാണ്. താഴെത്തട്ടിലുള്ള സാധാരണക്കാരുടെ പ്രശ്നങ്ങളാണ് പാർട്ടിയുടെ മുൻഗണനയാകേണ്ടത്. വേരുകൾ മറന്നുള്ള യാത്ര ആപത്താണ്. ആ വേരുകളിലേക്ക് പാർട്ടി മടങ്ങേണ്ട സമയം അതിക്രമിച്ചു,” എന്ന് വി.എ. അരുൺ കുമാർ വ്യക്തമാക്കി. സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടി നേരിട്ട വോട്ട് ചോർച്ചയും ജനകീയ അടിത്തറയിലെ തകർച്ചയുടെയും പശ്ചാത്തലത്തിലാണ് അരുൺകുമാറിന്റെ ഈ സമൂഹമാധ്യമ പോസ്റ്റ്.








