കേരളത്തിലെ യുഡിഎഫിന്റെ വമ്പൻ വിജയത്തിന് പിന്നാലെ നിലപാടുകൾ മയപ്പെടുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിനെതിരെ ആഞ്ഞടിച്ച വെള്ളാപ്പള്ളി, ഫലം വന്നതോടെ കോൺഗ്രസ് നേതാക്കളെ വാനോളം പുകഴ്ത്തുകയാണ്. യുഡിഎഫ് 100 സീറ്റിൽ കൂടുതൽ നേടിയാൽ താൻ രാജിവെക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതോടെ, “അങ്ങനെ പലതും പറഞ്ഞു കാണും” എന്ന് നിസ്സാരമായി തള്ളിക്കളഞ്ഞാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്ന കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി സതീശൻ എന്നിവരെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
വിജയത്തിന്റെ യഥാർത്ഥ ശിൽപി കെ.സി വേണുഗോപാലാണെന്നും ‘കൊച്ചു കേരളം’ ഭരിക്കാൻ അദ്ദേഹം എത്തുമോ എന്നതാണ് ഇനി കാണേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. രമേശ് ചെന്നിത്തല പാരമ്പര്യവും നയചാതുരിയുമുള്ള നേതാവാണെന്നും വി.ഡി സതീശൻ മികച്ച പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് നേതാക്കളും പ്രഗത്ഭരാണെന്നും ഇതിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെതിരെയും വി.ഡി സതീശനെതിരെയും രൂക്ഷവിമർശനം ഉന്നയിച്ച വെള്ളാപ്പള്ളി, ഫലം വന്നതോടെ നിലപാടിൽ മലക്കം മറിഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പാരമ്പര്യവും മെയ്‌വഴക്കവുമുള്ള ചെന്നിത്തലയും വിജയശില്പിയായ കെ.സിയും തമ്മിലുള്ള മത്സരത്തിൽ ഹൈക്കമാൻഡ് ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലാണ് കേരളം.











