പോക്സോ കേസിൽ വീണ്ടും അറസ്റ്റിലായ നാടക നടനും ഓട്ടോ ഡ്രൈവറുമായ രാമന്തളി സ്വദേശി എ. കെ. ഉണ്ണിക്കൃഷ്ണനെതിരെ (66) ഗുരുതര വെളിപ്പെടുത്തലുമായി മരുമകൾ രംഗത്ത്. രാമന്തളിയിൽ മുൻപ് രജിസ്റ്റർ ചെയ്ത പോക്സോ കേസിനാസ്പദമായ കുട്ടികളുടെ അമ്മയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ തുറന്നുപറഞ്ഞിരിക്കുന്നത്.
കഴിഞ്ഞവർഷം ഡിസംബറിൽ രാമന്തളിയിൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യയും മകനും മകന്റെ രണ്ടു കുട്ടികളും വിഷം ഉള്ളിൽച്ചെന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിന് പിന്നിൽ ഉണ്ണിക്കൃഷ്ണന്റെ പീഡനമാണെന്നാണ് മരുമകളുടെ ആരോപണം. മുത്തച്ഛനായ ഉണ്ണിക്കൃഷ്ണൻ സ്വന്തം പേരക്കുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും, ഈ വിവരം പുറത്തറിയുമെന്ന ഭയത്താൽ കുട്ടികൾക്ക് വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് അമ്മയുടെ വെളിപ്പെടുത്തൽ. മുൻപ് മകനും ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രചരിച്ചിരുന്നത്.
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പതിനാറുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് യുവതി തുറന്നുപറച്ചിൽ നടത്തിയത്. ചായക്കടയിൽ വെച്ച് പരിചയപ്പെട്ട 16-കാരനോട് സൗഹൃദം നടിച്ച് വീട്ടിലെ നായക്കുട്ടിയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇയാളെ പയ്യന്നൂർ പോലീസ് അടുത്തിടെ പിടികൂടിയത്.
തുടർച്ചയായി പോക്സോ കേസുകളിൽ പ്രതിയാകുന്ന ഇയാൾ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ മരുമകൾ നടത്തിയത് അതീവ ഗുരുതരമായ ആരോപണമായതിനാൽ കേസിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്.












