ടെഹ്റാൻ : ഇറാന്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാന്റെ അധീനതയിലുള്ള ഗോരുക് , ഖേഷ്മ് ദ്വീപ് എന്നിവിടങ്ങളിലെ റഡാർ സ്റ്റേഷനുകളും ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങളുമാണ് യുഎസ് യുദ്ധവിമാനങ്ങൾ തകർത്തത്. സ്വയം പ്രതിരോധ ആക്രമണം എന്നാണ് യു എസ് ഈ നടപടിയെ വിശേഷിപ്പിച്ചത്.
തങ്ങളുടെ നീക്കം പൂർണ്ണമായും ‘ആത്മരക്ഷാർത്ഥം’ മാത്രമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമാതിർത്തിയിലൂടെ പറക്കുകയായിരുന്ന അമേരിക്കയുടെ എക്യു-1 ഡ്രോൺ ഇറാൻ സൈന്യം വെടിവെച്ചിട്ടതാണ് പെട്ടെന്നുള്ള സൈനിക നടപടിക്ക് അമേരിക്കയെ പ്രേരിപ്പിച്ചത്. ഇതിന് തിരിച്ചടിയായി യുഎസ് യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും ഒരു ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനും രണ്ട് അറ്റാക്ക് ഡ്രോണുകളും തകർക്കുകയായിരുന്നു.
മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുമ്പോഴും, ഇറാനുമായി ഒരു ‘നല്ല ധാരണയിൽ’ എത്താൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. എന്നാൽ മുൻപ് ഒപ്പുവെച്ചതിനേക്കാൾ കർശനമായ വ്യവസ്ഥകളാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. അതേസമയം, അമേരിക്കയെ ഒട്ടും വിശ്വസിക്കാൻ കൊള്ളില്ലെന്നും, തങ്ങളുടെ പരമാധികാരവും അവകാശങ്ങളും പൂർണ്ണമായി അംഗീകരിക്കാതെ ഒരു സമാധാന കരാറിനും തയ്യാറല്ലെന്നുമാണ് ഇറാന്റെ നിലപാട്.











