കട്ടേല മോഡൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെയുണ്ടായ മിഠായി വിതരണ വിവാദത്തിൽ വിശദീകരണവുമായി ബിജെപി നേതാവ് വി. മുരളീധരൻ രംഗത്ത്. പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത രീതിയെച്ചൊല്ലി ഉയർന്ന ആരോപണങ്ങൾക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്.
താൻ തന്നെയാണ് മിഠായികൾ വാങ്ങി വിതരണം ചെയ്തതെന്നും, മറ്റാരും തന്നെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളിൽ എത്തിയപ്പോൾ മന്ത്രി എത്തിയതായും പരിപാടി തുടങ്ങാറായതായും കണ്ടു. ഓരോ കുട്ടിക്കായി മിഠായി കൊടുത്തുനിന്നാൽ മന്ത്രിയടക്കമുള്ളവർ കാത്തുനിൽക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ്, വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശപ്പുറത്ത് മിഠായി ഒരുമിച്ച് വെച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഈ ചെറിയ കാര്യത്തെ സിപിഎം ജാതിവിദ്വേഷത്തിന്റെ നിറം നൽകി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് മുരളീധരൻ ആരോപിച്ചു. കുഞ്ഞുങ്ങളിൽപ്പോലും ഇത്തരം വിദ്വേഷം കുത്തിവെക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വസ്തുത പരിശോധിക്കാതെ ദേശാഭിമാനിയും മറ്റ് ചില മാധ്യമങ്ങളും തനിക്കെതിരെ വാർത്തകൾ നൽകിയെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിൽ ജനം തള്ളിയിട്ടും സിപിഎമ്മിന്റെ മനോഭാവത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും, നിയമസഭയിൽ അക്രമം നടത്തിയ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ഗതികേട് തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










