ന്യൂഡൽഹി : ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ കിഴക്കൻ തീരക്കടലിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. പൊതുമേഖലാ എണ്ണ പര്യവേക്ഷണ കമ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ തിരച്ചിലിലാണ് ഈ നിർണായക കണ്ടെത്തൽ. ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്ത് നിന്ന് 15 കിലോമീറ്റർ അകലെ 355 മീറ്റർ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ വിജയപുരം -3 എന്ന പര്യവേക്ഷണ കിണറിൽ പ്രകൃതി വാതകത്തിന്റെ തുടർച്ചയായ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച ‘സമുദ്ര മന്ഥൻ മിഷൻ’ പദ്ധതിയുടെ ഭാഗമായാണ് ആൻഡമാൻ തീരത്ത് ഈ പര്യവേക്ഷണം ഊർജ്ജിതമാക്കിയത്. ഇന്ത്യയുടെ ഓഫ്‌ഷോർ ബേസിനുകളിലുള്ള ഹൈഡ്രോകാർബൺ നിക്ഷേപങ്ങൾ പരമാവധി കണ്ടെത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് അന്തമാൻ കടലിലെ ഈ പുതിയ കണ്ടെത്തൽ. ഓയിൽ ഇന്ത്യ ലിമിറ്റഡ് ഈ മേഖലയിൽ നടത്തുന്ന മൂന്നാമത്തെ പര്യവേക്ഷണ കിണറാണ് ‘ശ്രീ വിജയപുരം-3’. കടലിന്റെ 355 മീറ്റർ അടിത്തട്ടിൽ, ഭൂമിക്കടിയിലേക്ക് 1,900 മീറ്ററിലധികം ആഴത്തിലാണ് ഈ കിണർ കുഴിച്ചത്. വാതകത്തിന്റെ ഘടനയും കലോറിഫിക് മൂല്യവും വിലയിരുത്തുന്നതിനും വാതകത്തിന്റെ ഉത്ഭവം മനസ്സിലാക്കുന്നതിനായി ഐസോടോപ്പ് പഠനങ്ങൾ നടത്തുന്നതിനുമായി ഓയിൽ ഇന്ത്യ വാതക സാമ്പിൾ നടത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
പ്രാഥമിക ഉൽപ്പാദന പരിശോധന വേളയിൽ തുടർച്ചയായി ഉണ്ടായ ‘ഫ്ലെയറിംഗ്’ (വാതകം പുറത്തുവന്ന് കത്തുന്നത്) വഴിയാണ് പ്രകൃതിവാതകത്തിന്റെ സാന്നിധ്യം ഉറപ്പാക്കിയത്. നിലവിലെ പര്യവേക്ഷണ ക്യാമ്പയിനിൽ ആൻഡമാൻ ബേസിനിൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് കുഴിച്ച മൂന്ന് കിണറുകളിൽ രണ്ടെണ്ണത്തിലും വാതക നിക്ഷേപം കണ്ടെത്താനായി എന്നത് വലിയ വിജയമായി വിലയിരുത്തപ്പെടുന്നു. ഇതിന് മുൻപ് 2025 സെപ്റ്റംബറിൽ ‘വിജയപുരം-2’ കിണറ്റിലും പ്രകൃതിവാതകം കണ്ടെത്തിയിരുന്നു. അന്ന് ശേഖരിച്ച സാമ്പിളുകളിൽ 87 ശതമാനവും ഉയർന്ന ഗുണനിലവാരമുള്ള ‘മീഥെയ്ൻ’ വാതകമാണെന്ന് കണ്ടെത്തിയിരുന്നു.








