നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ നാടകീയ സംഭവങ്ങൾ. പ്രതിഷേധ പരിപാടിയുടെ സംഘാടകരും ‘കോക്രോച്ച് ജനത പാർട്ടി’ (CJP) സ്ഥാപകനുമായ അഭിജീത് ദിപ്‌കെയ്ക്ക് നേരെയാണ് ഒരുസംഘം യുവാക്കൾ കൈയേറ്റം നടത്തിയത്. അണികൾ തോളിലേറ്റി നടത്തുന്നതിനിടെ അഭിജീതിന്റെ മുഖത്ത് പലതവണ അടിക്കുകയായിരുന്നു.
പിടിഐ റിപ്പോർട്ടുകൾ പ്രകാരം ജയ്‌പൂരിലെ ഷഹീദ് സ്മാരകിൽ സിജെപി സംഘടിപ്പിച്ച യുവജന പ്രകടനത്തിനിടയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനക്കൂട്ടത്തിന് നടുവിൽ അണികൾ അഭിജീത് ദിപ്‌കെയെ തോളിലേറ്റി മുന്നോട്ട് നീങ്ങുന്നതിനിടെയാണ് അരികിൽ നിന്ന ചില യുവാക്കൾ അദ്ദേഹത്തെ പലതവണ മുഖത്തടിച്ചത്.
ആക്രമണത്തിന് പിന്നാലെ അഭിജീതിന്റെ അനുയായികൾ അക്രമികളായ യുവാക്കളെ പിടികൂടുകയും തിരിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതോടെ സംഭവസ്ഥലത്ത് വലിയ സംഘർഷാവസ്ഥ ഉടലെടുത്തു. ഒടുവിൽ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. അക്രമം കാട്ടിയ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.








