ലോസ് ആഞ്ചലസ് : അമേരിക്കൻ വ്യോമസേനയുടെ ബി-52 സ്ട്രാറ്റോഫോർട്രെസ് ഹെവി ബോംബർ വിമാനം തകർന്നുവീണു. കാലിഫോർണിയയിലെ വ്യോമസേനാ താവളത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. 6 സൈനികരും 2 വിമാന കമ്പനി ജീവനക്കാരും ആയിരുന്നു തകർന്നുവീണ വിമാനത്തിൽ ഉണ്ടായിരുന്നത്. സതേൺ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിലുള്ള എഡ്വേർഡ്സ് എയർഫോഴ്സ് ബേസിൽ അമേരിക്കൻ സമയം രാവിലെ 11:20 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
പതിവ് പരീക്ഷണ പറക്കലിനായി റൺവേയിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനം തകരുകയും വലിയ തീപിടുത്തത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. വിമാനത്തിന്റെ സാങ്കേതിക നിയന്ത്രണ സംവിധാനങ്ങളിലുണ്ടായ തകരാറോ എഞ്ചിൻ തകരാറോ ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കാരണം വ്യക്തമാകാൻ ഏതാണ്ട് ആറ് മാസത്തോളം നീളുന്ന വിശദമായ അന്വേഷണം വേണ്ടിവരുമെന്ന് യുഎസ് വ്യോമസേന അറിയിച്ചു. വിമാനത്തിന്റെ നിർമ്മാതാക്കളായ എയ്‌റോസ്‌പേസ് ഭീമൻ ‘ബോയിംഗ്’ കമ്പനിയുടെ രണ്ട് ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. വിമാനത്തിലെ അനലോഗ് റഡാർ സംവിധാനങ്ങൾ മാറ്റി ആധുനിക ഡിജിറ്റൽ റഡാർ സ്ഥാപിക്കുന്ന നവീകരണ പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണ പറക്കലായിരുന്നു ഇത്. അപകടത്തെ തുടർന്ന് എഡ്വേർഡ്സ് എയർഫോഴ്സ് ബേസ് താൽക്കാലികമായി അടച്ചിടുകയും ഇവിടേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
2016-ന് ശേഷം ഇതാദ്യമായാണ് ഒരു ബി-52 വിമാനം അപകടത്തിൽപ്പെടുന്നത്. അമേരിക്കൻ വ്യോമസേനയുടെ കരുത്തിന്റെ പ്രതീകവും ശീതയുദ്ധ കാലം മുതൽ യുഎസ് സൈന്യത്തിന്റെ പ്രധാന ആയുധവുമാണ് ബോയിംഗ് ബി-52 സ്ട്രാറ്റോഫോർട്രെസ്. എട്ട് ജെറ്റ് എഞ്ചിനുകളുള്ള ഈ വിമാനത്തിന് ഒരൊറ്റ തവണ ഇന്ധനം നിറച്ചാൽ ലോകത്തിന്റെ ഏത് കോണിലേക്കും പറന്നെത്തി ആക്രമണം നടത്താൻ സാധിക്കും. 1955-ൽ അമേരിക്കൻ വ്യോമസേനയുടെ ഭാഗമായ ഈ വിമാനം വിയറ്റ്നാം യുദ്ധം, ഗൾഫ് യുദ്ധം, പശ്ചിമേഷ്യൻ സൈനിക നീക്കങ്ങൾ എന്നിവയിലെല്ലാം യുഎസിന്റെ പ്രധാന ആക്രമണ വിമാനമായിരുന്നു.








