ആധുനിക യുദ്ധമുഖത്തിന്റെ ഗതിമാറ്റുന്ന ലോയിറ്ററിങ് മ്യൂണിഷൻസുകൾ അഥവാ ‘കാമികാസി ഡ്രോണുകൾ’ ഇന്ത്യൻ സായുധ സേനകളുടെ ഭാഗമാകുന്ന വാർത്ത ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ കമ്പനിയായ SMPP തദ്ദേശീയമായി നിർമ്മിച്ച 106 ‘അഗ്നിവേഗ്’ ടർബോജെറ്റ് കാമികാസി ഡ്രോണുകൾ ഇന്ത്യൻ കരസേനയ്ക്ക് കൈമാറിക്കഴിഞ്ഞു. വ്യോമസേനയും സമാനമായ ആയുധങ്ങളുടെ ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് നീങ്ങുകയാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ കപ്പലുകളിലേക്ക് സ്വന്തം വിമാനങ്ങൾ ഇടിച്ചുകയറ്റി ആത്മഹത്യാ സ്ഫോടനം നടത്തിയിരുന്ന ജാപ്പനീസ് പൈലറ്റുമാരിൽ നിന്നാണ് ‘കാമികാസി’ എന്ന പേരിന്റെ ഉത്ഭവം. ലക്ഷ്യസ്ഥാനങ്ങൾ സ്വയം കണ്ടെത്തുകയോ അല്ലെങ്കിൽ പ്രോഗ്രാം ചെയ്തതനുസരിച്ച് ശത്രുതാവളങ്ങളിലേക്ക് നേരിട്ട് ഇടിച്ചുകയറി സ്വയം തകരുകയും ഒപ്പം ശത്രുവിനെ നശിപ്പിക്കുകയും ചെയ്യുന്ന മാരക ആയുധങ്ങളാണിവ. അതുകൊണ്ട് തന്നെ ഇവയെ ‘ആത്മഹത്യാ ഡ്രോണുകൾ’ എന്നും വിളിക്കുന്നു.
ടർബോജെറ്റ് എഞ്ചിൻ കരുത്തുള്ള അഗ്നിവേഗ് ഡ്രോണുകൾക്ക് മണിക്കൂറിൽ 450 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. ശത്രുരാജ്യത്തിന്റെ ഉള്ളിലേക്ക് 180 കിലോമീറ്റർ ദൂരത്തിൽ വരെയുള്ള ഉയർന്ന മൂല്യമുള്ള ലക്ഷ്യങ്ങളെ കൃത്യമായി തകർക്കാൻ ഇതിന് ശേഷിയുണ്ട്. വിലകൂടിയ അത്യാധുനിക സൈനിക സജ്ജീകരണങ്ങൾ മുൻകൂട്ടി വിന്യസിക്കാതെ തന്നെ അതിവേഗം ആക്രമണം നടത്താൻ ഇവ സഹായിക്കും. നിർമ്മാണച്ചെലവ് വളരെ കുറവായതിനാൽ യുദ്ധത്തിനിടയിൽ ഇവ തകർക്കപ്പെട്ടാലും സൈന്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകില്ല. ഒരേസമയം കൂട്ടത്തോടെ ഈ ഡ്രോണുകൾ വിക്ഷേപിച്ചാൽ ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കാൻ ഇവയ്ക്ക് സാധിക്കും.
അടുത്തിടെ പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ രൂപകൽപ്പന ചെയ്ത ‘ഷാഹെദ്-136’ ഡ്രോണുകൾ വലിയ ആക്രമണം നടത്തിയിരുന്നു. വെറും 20,000 ഡോളർ മാത്രം നിർമ്മാണച്ചെലവുള്ള ഈ ഇറാന്റെ ഡ്രോണിനെ തകർക്കാൻ അമേരിക്കയ്ക്ക് ഉപയോഗിക്കേണ്ടി വന്നത് 4 മില്യൺ ഡോളർ വിലവരുന്ന പേട്രിയറ്റ് മിസൈലുകളാണ്. ഈ സാമ്പത്തിക അസമത്വം മറികടക്കാൻ അമേരിക്ക Spekteworks കമ്പനി വഴി LUCAS എന്ന പേരിൽ 35,000 ഡോളർ മാത്രം വിലവരുന്ന സ്വന്തം കാമികാസി ഡ്രോണുകൾ നിർമ്മിച്ച് പശ്ചിമേഷ്യയിൽ വിന്യസിച്ചു.
2002 മുതൽ റഷ്യയുമായി കടുത്ത പോരാട്ടത്തിലുള്ള യുക്രൈനും റഷ്യൻ ഷാഹെദ് ഡ്രോണുകളെ വേട്ടയാടാൻ കുറഞ്ഞ ചെലവിലുള്ള ഇന്റർസെപ്റ്റർ ഡ്രോണുകളും, ജാമിംഗിനെ പ്രതിരോധിക്കാൻ ഫൈബർ ഒപ്റ്റിക് കേബിളുകളും വലകളും ഉപയോഗിച്ച് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്. ഇറാന്റെ ഡ്രോൺ സാങ്കേതികവിദ്യയെ പ്രതിരോധിക്കാൻ യു.എസ് പെന്റഗൺ ഇപ്പോൾ യുക്രൈന്റെ സഹായം തേടിയിരിക്കുകയാണ്.
“ആധുനിക യുദ്ധമുറകളിൽ ചെറിയ ശക്തികൾക്ക് പോലും അവരുടെ ചെറിയതും എന്നാൽ അപകടകരവുമായ ആയുധങ്ങളും പുതിയ തന്ത്രങ്ങളും ഉപയോഗിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്താൻ കഴിയും,” – 106 അഗ്നിവേഗ് ഡ്രോണുകൾ കരസേനയ്ക്ക് കൈമാറുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഓർമ്മിപ്പിച്ചു.








