കനത്ത ചൂടും എൽ നിനോ പ്രതിഭാസവും കാരണം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 16 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ രാത്രി 6 മണി മുതൽ 12 മണി വരെ സംസ്ഥാനത്ത് മിതമായ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽ നിനോ പ്രതിഭാസം മൂലം രാജ്യത്താകെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായ വൻ കുറവാണ് കേരളത്തെയും ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയിൽ 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന പവർ എക്സ്ചേഞ്ചുകളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതും സ്ഥിതി സങ്കീർണ്ണമാക്കുന്നു.
പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള ഉയർന്ന താപനിലയും ഉപഭോഗത്തിലുണ്ടായ വൻ വർധനയുമാണ് ഈ അപ്രതീക്ഷിത പ്രതിസന്ധിക്ക് കാരണമായതെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇതിനുപുറമേ കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കടുത്ത വേനലിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി (Banking) വാങ്ങിയിരുന്ന വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് മൺസൂൺ എത്തിയിട്ടും മഴ പ്രതീക്ഷിച്ച രീതിയിൽ ശക്തിപ്പെടാത്തതിനാൽ വൈദ്യുതി ആവശ്യകത റെക്കോർഡ് നിരക്കായ 4900 മെഗാവാട്ട് വരെ ഉയർന്നു കഴിഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രതിദിന വൈദ്യുതി ഉപഭോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ നിലവിലെ അടിയന്തര സാഹചര്യം വിലയിരുത്താൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദൈനംദിന കരാറുകളിലൂടെ പരമാവധി വൈദ്യുതി വിപണിയിൽ നിന്ന് ലഭ്യമാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, കേന്ദ്ര പൂളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭ്യതക്കുറവ് കൂടുതൽ രൂക്ഷമാകുന്ന പക്ഷം ഗ്രിഡിന്റെ സുരക്ഷയും വൈദ്യുതി ശൃംഖലയുടെ സ്ഥിരതയും ഉറപ്പാക്കുന്നതിനായി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബിക്ക് മന്ത്രി അനുമതി നൽകി. കഴിഞ്ഞ ജൂൺ 16ന് രാത്രി 9 മുതൽ 12 വരെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ രീതിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും പീക്ക് അവറുകളിൽ ആവശ്യാനുസരണം നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും ഉപഭോക്താക്കൾ പരമാവധി സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.











