കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതരമായ തെറ്റ് സംഭവിച്ചതായി റിപ്പോർട്ട്. യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂർ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുൻ സി.പി.എം. പ്രവർത്തകനുമായ ആകാശ് തില്ലങ്കേരിയെ മികച്ച തിരക്കഥാകൃത്തായി ചിത്രീകരിച്ചുകൊണ്ടാണ് പി.എസ്.സി. ബുള്ളറ്റിൻ പുറത്തിറങ്ങിയത്. കഴിഞ്ഞ മേയ് 15-ന് പി.എസ്.സി. പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ അവസാനപേജിലെ ‘സമകാലികം’ കുറിപ്പിലാണ് ഈ ഗുരുതരമായ അബദ്ധം സംഭവിച്ചിരിക്കുന്നത്.
49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളെക്കുറിച്ചുള്ള വിവരണം നൽകിയ പേജിലാണ് പി.എസ്.സി.ക്ക് വലിയ വീഴ്ച പറ്റിയത്. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ പ്രശസ്ത തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്കു പകരം കൊലക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് ബുള്ളറ്റിനിൽ അച്ചടിച്ചുവന്നത്.
ഉണ്ണി കെ.ആർ. സംവിധാനംചെയ്ത ‘എ പ്രഗ്‌നന്റ് വിഡോ’ എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് അർഹമായ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്. എന്നാൽ പേരുമാറ്റത്തിലെ സാമ്യം കാരണമാണോ അതോ മറ്റ് ജാഗ്രതക്കുറവ് കൊണ്ടാണോ എന്ന് വ്യക്തമല്ലാത്ത രീതിയിലാണ് കൊലക്കേസ് പ്രതിയുടെ ചിത്രം ഇതിൽ ഉൾപ്പെട്ടത്.
മേയ് 15-ലെ ലക്കത്തിൽ ഇത്രയും വലിയൊരു അബദ്ധം സംഭവിച്ചിട്ടും അത് തിരുത്താൻ പി.എസ്.സി. തയ്യാറായില്ല എന്നതും ഉദ്യോഗാർത്ഥികളെ ചൊടിപ്പിക്കുന്നുണ്ട് എന്നാല്‍ സംഭവത്തില്‍ പിഎസ്‌സി തെറ്റ് സമ്മതിച്ചിട്ടുണ്ട്. . ജൂൺ ഒന്നിനും ജൂൺ 15-നും പുതിയ പി.എസ്.സി. ബുള്ളറ്റിനുകൾ പിന്നീട് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഈ രണ്ട് ലക്കങ്ങളിലും ഫോട്ടോ മാറിയതുമായി ബന്ധപ്പെട്ട് യാതൊരുവിധ തിരുത്തോ വിശദീകരണമോ നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പി.എസ്.സി. പരീക്ഷാ പരിശീലനങ്ങൾക്കായി പൂർണ്ണമായും ആശ്രയിക്കുന്ന ഒദ്യോഗിക പ്രസിദ്ധീകരണത്തിലാണ് ഇത്തരം വൻ വീഴ്ചകൾ ഉണ്ടാകുന്നത് എന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.









