മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കുന്ന ദിവസങ്ങളാണ് കടന്നുപോകുന്നത്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ 6 എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ശിവസേനയിൽ ചേരും. ഇതോടെ ഉദ്ധവ് പക്ഷത്തിന് ലോക്സഭയിൽ വെറും 3 എംപിമാർ മാത്രമായി ഒതുങ്ങേണ്ടി വരും. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നുള്ള അയോഗ്യത ഒഴിവാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികച്ചാണ് വിമതർ ഷിൻഡെ പക്ഷത്തേക്ക് ലയിക്കുന്നത്.
‘ഓപ്പറേഷൻ ടൈഗർ’ എന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്ന ഈ നീക്കത്തിലൂടെ ഉദ്ധവ് പക്ഷത്തെ ആകെയുള്ള 9 ലോക്സഭാ എംപിമാരിൽ 6 പേരാണ് ഷിൻഡെ പക്ഷത്തേക്ക് മാറുന്നത്. സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ജാദവ്, നാഗേഷ് അഷ്ടിക്കർ, ഓംരാജെ നിംബാൽക്കർ, ഭാവുസാഹേബ് വാഗ്ചൗരെ എന്നിവരാണ് ഉദ്ധവ് ക്യാമ്പ് വിട്ടത്. തങ്ങളെ പ്രത്യേക പാർലമെന്ററി ബ്ലോക്കായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 6 എംപിമാരും ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം 3 മണിയോടെ ഇവർ ഔദ്യോഗികമായി ഷിൻഡെ പക്ഷത്ത് ചേരുമെന്നാണ് വിവരം.
അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭാവു വാജെ എന്നീ 3 എംപിമാർ മാത്രമാണ് ഇനി ഉദ്ധവ് താക്കറെയ്ക്കൊപ്പം അവശേഷിക്കുന്നത്. ശിവസേന ഉദ്ധവ് പക്ഷം ഭാവിയിൽ കോൺഗ്രസുമായി ലയിക്കാൻ പോകുകയാണെന്ന ഭയമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിമത ക്യാമ്പിൽ നിന്നുള്ള വിശദീകരണം. ബാലാസാഹേബ് താക്കറെയുടെ യഥാർത്ഥ പ്രത്യയശാസ്ത്രത്തിൽ നിന്ന് ഉദ്ധവ് താക്കറെ വ്യതിചലിച്ചതായും, തങ്ങളുടെ പരാതികൾ കേൾക്കാൻ പോലും പാർട്ടി നേതൃത്വം തയ്യാറായില്ലെന്നും വിമത എംപിമാർ ആരോപിക്കുന്നു.











