ക്രിക്കറ്റ് ദൈവത്തെ ഒരിക്കൽക്കൂടി ഭാരതത്തിന്റെ ഐക്കോണിക് ജേഴ്‌സിയിൽ കണ്ട ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൻ തരംഗമായി മാറിയിരിക്കുന്നത്.
സച്ചിൻ ടെണ്ടുൽക്കർ തന്റെ കരിയറിൽ ഉടനീളം അണിഞ്ഞിരുന്ന, ആരാധകർ നെഞ്ചേറ്റിയ പത്താം നമ്പർ നീല ജേഴ്‌സി ധരിച്ച് മൈതാനത്തേക്ക് ഇറങ്ങുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പ്രത്യേകിച്ച്, ജേഴ്‌സി നമ്പർ വ്യക്തമായി കാണിക്കുന്ന പുറകിൽ നിന്നുള്ള ചിത്രം ആരാധകരിൽ പഴയകാല ലോകകപ്പ് ഓർമ്മകളെ ഉണർത്തുന്നതായിരുന്നു. ഇതൊരു പരസ്യ ബ്രാൻഡ് പങ്കാളിത്തത്തിന്റെ ഭാഗമായി പകർത്തിയ ചിത്രങ്ങളാണെന്ന് സച്ചിൻ അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ആ നീല ജേഴ്‌സിയിൽ സച്ചിനെ വീണ്ടും കണ്ടത് ക്രിക്കറ്റ് പ്രേമികളെ വികാരഭരിതരാക്കി.
ഭാരതീയ ക്രിക്കറ്റിന് സച്ചിൻ നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മാനിച്ച്, അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പിന്നാലെ ഈ പത്താം നമ്പർ ജേഴ്‌സി ബിസിസിഐ എന്നേക്കുമായി വിരമിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ നിലവിൽ ഇന്ത്യൻ ടീമിലെ മറ്റൊരു കളിക്കാരനും അന്താരാഷ്ട്ര മത്സരങ്ങളിൽ ഈ നമ്പർ ധരിക്കാറില്ല. നേരത്തെ 2013-ൽ സച്ചിൻ ഐപിഎൽ കരിയർ അവസാനിപ്പിച്ചപ്പോൾ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയും ഈ പത്താം നമ്പർ ജേഴ്‌സിക്ക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷവും സച്ചിൻ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. തന്റെ വ്യക്തിപരമായ വിശേഷങ്ങളും ക്രിക്കറ്റ് സംബന്ധമായ ഓർമ്മകളും പങ്കുവെച്ചുകൊണ്ട് താരം ആരാധകരുമായി എപ്പോഴും ആത്മബന്ധം പുലർത്തുന്നുണ്ട്.
ലോക ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്ററായി വിലയിരുത്തപ്പെടുന്ന സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലും പാദമുദ്ര പതിപ്പിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകളോളം നീണ്ടുനിന്ന സച്ചിന്റെ കളി മികവും കഠിനാധ്വാനവും ഇന്നും തകർക്കപ്പെടാത്ത വന്മതിലായി ക്രിക്കറ്റ് ലോകത്ത് അവശേഷിക്കുമ്പോഴാണ്, ആ പഴയ പത്താം നമ്പർ ജേഴ്‌സിയിലൂടെ ആരാധകർക്ക് മുന്നിലേക്ക് താരം വീണ്ടുമെത്തുന്നത്.












