വാട്സാപ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തരമന്ത്രിയെയും അസഭ്യം പറയുകയും, കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെയും അതിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയും മോശമായി അധിക്ഷേപിക്കുകയും ചെയ്ത താത്കാലിക കണ്ടക്ടർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പൂവച്ചൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിജു വർഗീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈഎസ്പിയുടെ നിർദേശപ്രകാരമാണ് കണ്ടക്ടർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കെഎസ്ആർടിസിയിലെ താത്കാലിക ജീവനക്കാരുടെ ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് കണ്ടക്ടറുടെ ഭാഗത്തുനിന്ന് അതിരുകടന്ന പ്രതികരണമുണ്ടായത്. ജീവനക്കാരുടെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിലായിരുന്നു മുഖ്യമന്ത്രിയെയും സർക്കാരിനെയും ലക്ഷ്യമിട്ടുള്ള അസഭ്യവർഷം. കെഎസ്ആർടിസിയിൽ വനിതകൾക്കായി സർക്കാർ പുതുതായി ആരംഭിച്ച ‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’യെ രൂക്ഷമായി ആക്ഷേപിച്ച കണ്ടക്ടർ, ഈ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള മോശം പരാമർശങ്ങളും ഗ്രൂപ്പിൽ പങ്കുവെക്കുകയായിരുന്നു.
ഗ്രൂപ്പിലെ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ പുറത്തായതോടെയാണ് സംഭവം വലിയ വിവാദമായത്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വ്യക്തിപരമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത ജീവനക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ ഐടി ആക്ട് പ്രകാരവും, കലാപശ്രമത്തിനും, സ്ത്രീകളെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർ സാമൂഹിക മാധ്യമങ്ങൾ വഴി ഇത്തരം പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഗൗരവമേറിയ കുറ്റമാണെന്നും, പ്രതിക്കെതിരെ കെഎസ്ആർടിസി വകുപ്പുതല അച്ചടക്ക നടപടികളിലേക്ക് കടക്കുമെന്നും സൂചനയുണ്ട്.











