ഹൈദരാബാദിലെ പഴയ നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ഹോംവർക്കായി ഇസ്ലാമിക വാക്യങ്ങൾ എഴുതാനും മനഃപാഠമാക്കാനും നൽകിയ അധ്യാപികയെ ജോലിയിൽ നിന്ന് പുറത്താക്കി. ഹൈദരാബാദ് സൈദാബാദിലെ ‘സക്സസ്- ദി സ്കൂൾ’ എന്ന സ്ഥാപനത്തിലാണ് വിവാദ സംഭവം ഉണ്ടായത്. സ്കൂളിലെ അധ്യാപികയായ ഷെയ്ഖ് ആയിഷ പർവീൺ, രണ്ടാം ക്ലാസിൽ പഠിക്കുന്ന ഹിന്ദു വിദ്യാർത്ഥിയുടെ പുസ്തകത്തിൽ ഇസ്ലാമിക പ്രാർത്ഥനകളായ ‘കലിമ’, ‘സൂറത്തുൽ ഫാത്തിഹ’ എന്നിവ എഴുതിക്കൊടുക്കുകയും ഇത് പഠിച്ചുവരാൻ ആവശ്യപ്പെടുകയുമായിരുന്നു. കുട്ടിയുടെ പുസ്തകത്തിൽ അധ്യാപിക ഇത് എഴുതി നൽകിയത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ സ്കൂളിലെത്തി ശക്തമായി പ്രതിഷേധിച്ചു. വിദ്യാർത്ഥിയുടെ അമ്മ അധ്യാപികയോട് തർക്കിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും വലിയ വിവാദമായി മാറിയതും.
തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ വ്യാഴാഴ്ച രാവിലെ പൊലീസിൽ പരാതി നൽകി. എന്നാൽ സംഭവത്തിൽ സ്കൂൾ അധികൃതർ പരസ്യമായി മാപ്പപേക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകുകയും ചെയ്തതിനെ തുടർന്ന് മാതാപിതാക്കൾ പിന്നീട് പരാതി പിൻവലിച്ചു. ഇതിന് പിന്നാലെയാണ് വിവാദത്തിന് കാരണക്കാരിയായ അധ്യാപികയെ സ്കൂൾ മാനേജ്മെന്റ് ജോലിയിൽ നിന്ന് അടിയന്തിരമായി പിരിച്ചുവിട്ടത്. എന്നാൽ സംഭവത്തെ തുടർന്ന് ബിജെപി, ആർഎസ്എസ് പ്രവർത്തകർ സ്കൂളിന് മുന്നിൽ വൻ പ്രതിഷേധവുമായി രംഗത്തെത്തി.










