അനുയോജ്യയായ പങ്കാളിയെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി ഒമ്പത് വർഷത്തോളം യുവാവിനെ കബളിപ്പിച്ച വിവാഹ ബ്യൂറോയ്ക്ക് (Marriage Bureau) കനത്ത പിഴയിട്ട് ഉപഭോക്തൃ ഫോറം. പണമടച്ച് രജിസ്റ്റർ ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും വധുവിനെ കണ്ടെത്താൻ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് കണ്ണൂർ സ്വദേശിയായ 40കാരൻ നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ നിർണ്ണായക ഉത്തരവ്. പരാതിക്കാരനായ യുവാവിന് 8,000 രൂപ നഷ്ടപരിഹാരമായി നൽകാനാണ് ഫോറം വിധി പ്രസ്താവിച്ചത്.
2016-ലാണ് കണ്ണൂർ സ്വദേശിയായ യുവാവ് നഗരത്തിൽ തന്നെയുള്ള ഒരു പ്രമുഖ വിവാഹ ബ്യൂറോയിൽ 3,000 രൂപ രജിസ്ട്രേഷൻ ഫീസ് നൽകി പേര് ചേർത്തത്. രജിസ്റ്റർ ചെയ്തതിന് പിന്നാലെ കാസർകോട് ഭാഗത്ത് അനുയോജ്യയായ ഒരു പെൺകുട്ടിയുണ്ടെന്ന് ബ്യൂറോ അധികൃതർ അറിയിച്ചെങ്കിലും പിന്നീട് ഇതിനെക്കുറിച്ച് യാതൊരുവിധ വിവരവും ഇവർ നൽകിയില്ല. തുടർന്ന് വർഷങ്ങളോളം യുവാവ് ബ്യൂറോയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ അർബുദബാധിതനായ യുവാവിന്റെ പിതാവ് മകന്റെ വിവാഹം കാണണമെന്ന വലിയ ആഗ്രഹത്തോടെ ഇരുന്നെങ്കിലും ബ്യൂറോയുടെ വീഴ്ച കാരണം ആ ആഗ്രഹം സാധിക്കാനാകാതെ കഴിഞ്ഞ വർഷം അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഇത് യുവാവിനും കുടുംബത്തിനും വലിയ മാനസിക വിഷമമാണ് ഉണ്ടാക്കിയത്.
തന്റെ വിലപ്പെട്ട ഒമ്പത് വർഷങ്ങളും മനഃസമാധാനവും നഷ്ടപ്പെടുത്തിയ വിവാഹ ബ്യൂറോയ്ക്കെതിരെ രജിസ്ട്രേഷൻ തുകയ്ക്ക് പുറമെ 15,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവാവ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. കേസ് പരിഗണിച്ച ഫോറം, രജിസ്റ്റർ ചെയ്യാൻ വാങ്ങിയ 3,000 രൂപ തിരികെ നൽകാനും, യുവാവിനുണ്ടായ കടുത്ത മാനസിക സമ്മർദ്ദത്തിന് പരിഹാരമായി 3,000 രൂപയും, കോടതി വ്യവഹാരച്ചെലവിലേക്കായി 2,000 രൂപയും ഉൾപ്പെടെ ആകെ 8,000 രൂപ ഒരു മാസത്തിനകം പരാതിക്കാരന് നൽകാൻ ഉത്തരവിട്ടു. കേസിന്റെ വാദത്തിനിടെ എതിർകക്ഷിയായ വിവാഹ ബ്യൂറോ അധികൃതർ ഫോറത്തിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് പരാതിക്കാരൻ ഹാജരാക്കിയ രേഖകളും തെളിവുകളും അടിസ്ഥാനമാക്കിയാണ് വിധി പ്രസ്താവിച്ചത്. ഒരു മാസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ ഉത്തരവ് വന്ന തീയതി മുതൽ ഒമ്പത് ശതമാനം വാർഷിക പലിശ സഹിതം തുക ഈടാക്കുമെന്നും ഉപഭോക്തൃ ഫോറം ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.












