കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനോട് മുഖംതിരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തേവര എസ്.എച്ച് കോളേജിൽ സംഘടിപ്പിച്ച ഹെൽത്ത് സമ്മിറ്റിനിടെയാണ് കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ പൂർണ്ണമായി അവഗണിച്ച് മുഖ്യമന്ത്രി വേദി വിട്ടത്. പരിപാടിയിൽ പ്രസംഗം പൂർത്തിയാക്കിയ ശേഷം സ്റ്റേജിൽ നിന്ന് താഴേക്ക് ഇറങ്ങിയ മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാനായി അലോഷ്യസ് സേവ്യർ അടുത്തേക്ക് നീങ്ങിയെങ്കിലും അദ്ദേഹത്തിന് മുഖംകൊടുക്കാൻ വി.ഡി. സതീശൻ തയ്യാറായില്ല.
തന്റെ തൊട്ടരികിൽ എത്തിയ അലോഷ്യസിനെ ശ്രദ്ധിക്കാതെ മറ്റ് ചിലരുമായി സംസാരിച്ച് മുഖ്യമന്ത്രി മുന്നോട്ട് പോകുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംഘടനകളിലൂടെ വളർന്നു വന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിൽ എത്തിയ ഒരു മുതിർന്ന നേതാവ്, നിലവിലെ വിദ്യാർത്ഥി സംഘടനയുടെ അധ്യക്ഷനോട് പൊതുവേദിയിൽ ഇത്തരത്തിൽ പെരുമാറിയത് അണികൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
സംഘടനയ്ക്കുള്ളിലെ ആഭ്യന്തര ചേരിപ്പോരിന്റെ പരസ്യമായ പ്രകടനമാണ് തേവര കോളേജിൽ കണ്ടതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ വിലയിരുത്തൽ. സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ് കമ്മിറ്റി ഉന്നയിച്ച വിമർശനങ്ങളും അതിനെ തുടർന്നുണ്ടായ തർക്കങ്ങളുമാണ് ഇരു നേതാക്കളും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണം. പ്ലീഡർ നിയമനം കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയാണോ തീരുമാനിക്കുന്നത് എന്ന് ചോദിച്ച് മുഖ്യമന്ത്രി നേരത്തെ കെഎസ്‌യു നിലപാടുകളെ പരസ്യമായി പരിഹസിച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ച് അലോഷ്യസ് സേവ്യർ ഫേസ്‌ബുക്കിൽ കുറിച്ച വരികളും മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിക്കാനുള്ള ശ്രമങ്ങളും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. മുൻപ് കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗികമായി അനുമതി തേടിയിട്ടും അത് നിഷേധിച്ച മുഖ്യമന്ത്രി, ഇപ്പോൾ ഒരു പൊതു ചടങ്ങിൽ വെച്ച് തൊട്ടടുത്ത് വന്നിട്ടും കണ്ടില്ലെന്ന് നടിച്ചു മടങ്ങിയത് കെഎസ്‌യു സംസ്ഥാന നേതൃത്വത്തെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. സാധാരണ പ്രവർത്തകരോടും അണികളോടും കാണിക്കേണ്ട കുറഞ്ഞ മാന്യതയോ സംഘടനാ മര്യാദയോ മുഖ്യമന്ത്രി പുലർത്തിയില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.








