മുൻ മുഖ്യമന്ത്രിഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ ഓർമ്മക്കുറിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആൾക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മൻചാണ്ടി അതേ ആൾക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങിയിട്ട് മൂന്ന് വർഷം തികയുകയാണെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മൂന്ന് വർഷം മുൻപ് പുതുപ്പള്ളി ഹൗസിൽ നിന്ന് ദർബാർ ഹാളും ഇന്ദിരാഭവനും കടന്ന് തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് ജനലക്ഷങ്ങളുടെ സങ്കടക്കടൽ പിന്നിട്ട് ഉമ്മൻചാണ്ടി സാർ മടങ്ങിയപ്പോൾ താനും സഹപ്രവർത്തകർക്കൊപ്പം അദ്ദേഹത്തെ അനുഗമിച്ച കാര്യം വി.ഡി. സതീശൻ ഓർമ്മിച്ചു. ഏത് വലിയ പ്രതിസന്ധിയിലും ഉമ്മൻചാണ്ടി എന്നൊരാൾ ഒരു ഫോൺ കോളിലോ അല്ലെങ്കിൽ ഒരു നിവേദനത്തിന്റെ മറുതലയ്ക്കലോ ഉണ്ടെന്നത് ലോകത്താകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മൻചാണ്ടിയാകുക എന്നത് മറ്റാർക്കും സാധ്യമാകുന്ന ഒന്നല്ലെന്നും, എന്നാൽ സാധാരണക്കാരെ ചേർത്തുപിടിക്കുകയെന്നത് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻചാണ്ടി സാർ നമ്മളെ പഠിപ്പിച്ചതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. നിയമസഭയിൽ ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെപ്പോലെ ആകാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കി.
അവസാന ആശ്രയമായി തന്നെ തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്ന ഒന്നാണെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ്, ജനപ്രിയ നായകന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.








